ഭൂചലനം: മരണം അരലക്ഷം കവിഞ്ഞു; തുർക്കിയിൽ ഇന്നും 5.3 തീവ്രതയുള്ള ഭൂചലനം; ഇതുവരെ 9000 തുടർ ചലനങ്ങൾ

തുർക്കിയിലും സിറിയയിലുമായി ഈ മാസം ആറിനുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. തുർക്കിയിലെ മാത്രം മരണസംഖ്യ 44,218 ആയി ഉയർന്നതായി തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എ.എഫ്.എ.ഡി) സ്ഥിരീകരിച്ചു. സിറിയയിൽ 5,914 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് രണ്ടു രാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞത്.

അതിനിടെ തുർക്കിയിൽ ഇന്നും 5.3 തീവ്രതയുള്ള ഭൂചലനമുണ്ടായി. തുർക്കി പ്രവിശ്യയായ മധ്യ തുർക്കിയിലെ അനാറ്റോലിയനിലാണ് ഇന്ന് ഭൂചലനമുണ്ടായത്. തുർക്കിഷ് ദുരന്ത നിവാരണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് 1.27 നാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 7 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച റിപ്പോർട്ടുകളില്ലെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫഊത് ഒക്തെ പറഞ്ഞു.

തുർക്കി -സിറിയ അതിർത്തിയിൽ നിന്ന് 350 കി.മി അകലെയാണ് ഇന്ന് ഭൂചലനമുണ്ടായ പ്രദേശം.തുർക്കിയിൽ ഫെബ്രുവരി 6 ലെ ഭൂചലനത്തിന് ശേഷം ഇതുവരെ 9000 തുടർ ചലനങ്ങൾ ഉണ്ടായെന്നാണ് തുർക്കി ദുരന്ത നിവാരണ ഏജൻസി നൽകുന്ന കണക്ക്. 15 ലക്ഷം പേർ ഭവനരഹിതരായി. ഇവർക്ക് ഒരു വർഷത്തിനകം താമസ കെട്ടിടം നിർമിച്ചു നൽകുമെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വാഗ്ദാനം ചെയ്തത്.

സുരക്ഷ കൂടിയ കെട്ടിടം നിർമിക്കുന്നതിന് കഴിഞ്ഞ ദിവസം തുർക്കി ഗസറ്റിൽ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെ നിർമാണത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. 1.73 ലക്ഷം കെട്ടിടങ്ങളാണ് ഇതുവരെ തകർന്നത്. കേടുപാടുള്ളവ പൂർണമായി തകർത്ത് പുതുക്കി പണിയും.യുദ്ധകാലടിസ്ഥാനത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.

Leave a Comment