2024 summer: മാര്‍ച്ചില്‍ കേരളത്തില്‍ വേനല്‍ മഴ സാധാരണ തോതില്‍ ലഭിക്കും, ചൂടു കൂടുമെന്നും കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ സീസണില്‍ ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ അനുഭവപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാർച്ചിൽ കേരളത്തില്‍ ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തുടനീളം ഉഷ്ണ തരംഗങ്ങളുടെ എണ്ണം കൂടും. വേനൽ മഴ രാജ്യത്ത് സാധാരണയേക്കാൾ കൂടും. കേരളത്തിൽ സാധാരണ രീതിയിൽ ലഭിക്കും.
വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്, മധ്യ ഇന്ത്യ, തെക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ സാധാരണ രീതിയിലോ സാധാരണയേക്കാള്‍ കുറവോ താപനിലയുണ്ടാകും. പകല്‍ താപനിലയിലും രാത്രി താപനിലയിലും ദക്ഷിണേന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുക. രാജ്യത്തുടനീളം ഈ ട്രെന്റായിരിക്കും.
മാര്‍ച്ചില്‍ കേരളത്തില്‍ ചൂട് കൂടും
മാര്‍ച്ചില്‍ കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യയില്‍ ചൂട് കൂടും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തെക്കുകിഴക്കന്‍ കര്‍ണാടകയിലും ചൂട് കൂടും. കേരളത്തില്‍ വയനാട് ജില്ലയിലാകും താരതമ്യേന ചൂടില്‍ കുറവുണ്ടാകുക. എന്നാല്‍ വയനാട്ടിലെ സാധാരണ ചൂടിനെ അപേക്ഷിച്ച് ചൂടു കൂടുതലാണ് അനുഭവപ്പെടുക.
കുറഞ്ഞ താപനിലയില്‍ കേരളത്തിലുടനീളവും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല ചൂട് സാധാരണയേക്കാള്‍ കൂടുതലായി അനുഭവപ്പെടും. ദക്ഷിണേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും രാത്രികാല ചൂട് മാര്‍ച്ച് മാസത്തില്‍ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
കേരളത്തില്‍ മാര്‍ച്ചില്‍ താപതരംഗമില്ല
മാര്‍ച്ചില്‍ ചൂടു കൂടുമെങ്കിലും കേരളത്തില്‍ താപതരംഗമുണ്ടാകില്ല. എന്നാല്‍ വടക്കന്‍ തമിഴ്‌നാട്, കര്‍ണാടകയുടെ ചിലഭാഗങ്ങള്‍, മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ താപതരംഗ സാധ്യത മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളിലുണ്ട്. കേരളത്തില്‍ ഈ വേനലില്‍ താപതരംഗ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മോഡല്‍ പ്രവചനങ്ങള്‍ പറയുന്നത്.
കേരളത്തില്‍ വേനല്‍ മഴ മാര്‍ച്ചില്‍
കേരളത്തില്‍ മാര്‍ച്ചില്‍ വേനല്‍ മഴ സാധാരണ തോതില്‍ ലഭിക്കാനാണ് സാധ്യത. തൃശൂരിനും എറണാകുളത്തിനും ഇടയിലുള്ള മേഖലയില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കോഴിക്കോട് ഒഴികെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളിലും സാധാരണ തോതില്‍ വേനല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. കൊല്ലം, തിരുവനന്തപുരം ഒഴികെ തെക്കന്‍ ജില്ലകളിലും സാധാരണ തോതില്‍ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത.
തമിഴ്‌നാട്ടിലെ തെക്കന്‍ തീരത്തും ഉള്‍നാട്ടിലും വേനല്‍ മഴ കുറയും. എന്നാല്‍ പടിഞ്ഞാറന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും വേനല്‍ മഴ സാധാര തോതില്‍ ലഭിക്കും. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും വേനല്‍ മഴ സാധാരണയില്‍ കൂടുതല്‍ പ്രതീക്ഷിക്കാം. ലഡാക്ക്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍, കര്‍ണാടക, മഹാരാഷ്ട്ര തീരദേശങ്ങള്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സാധാരണയേക്കാള്‍ കൂടുതല്‍ വേനല്‍മഴക്ക് സാധ്യതയുണ്ട്.
പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം തുടരുന്നുണ്ട്. മണ്‍സൂണ്‍ തുടങ്ങുന്ന ജൂണില്‍ എല്‍നിനോ ന്യൂട്രലിലേക്ക് വരാനാണ് സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉപരിതല താപനിലയായ ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ നിലവില്‍ ന്യൂട്രലിലാണ്. വേനല്‍ മഴയെയും കാലവര്‍ഷത്തെയും സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥാ ഘടകങ്ങളാണിവ.