പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 402 കോടി രൂപയുടെ പദ്ധതിക്ക് ലോകബാങ്ക് തത്വത്തിൽ അംഗീകാരം നൽകി. ജലസേചന വകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. 226 കോടി രൂപ ചെലവു വരുന്ന മണിമലയാറ്റിലെ പദ്ധതിയാണ് ഇതിൽ വലുത്. പമ്പയ്ക്ക് 105 കോടിയും അച്ചൻകോവിലാറിന് 71.1 കോടി രൂപയും വിനിയോഗിക്കും. നദികളിലെ പ്രളയാനന്തര അവസ്ഥ പഠനവിധേയമാക്കിയ ജലസേചന വകുപ്പിന്റെ റിപ്പോർട്ട് ലോകബാങ്ക് നിർദേശപ്രകാരം സ്കോട്‌ലൻഡിലെ ഹാൻസ് എന്ന ഏജൻസി പഠിക്കുകയും 2 തവണ നദികൾ സന്ദർശിക്കുകയും ചെയ്തു.
നദികളിൽ 2018ലെ മഹാപ്രളയത്തിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. പമ്പാനദിയിൽ 13.27 ലക്ഷവും അച്ചൻകോവിലാറ്റിൽ 9.3 ലക്ഷവും മണിമലയാറ്റിൽ 33 ലക്ഷവും ക്യൂബിക് മീറ്റർ എക്കലുണ്ടെന്നാണ് കണക്ക്. ഇതിൽ പമ്പയിൽനിന്ന് 15 ശതമാനവും അച്ചൻകോവിലാറ്റിൽനിന്ന് 15.4 ശതമാനവും മണിമലയാറ്റിൽനിന്ന് ശതമാനവും ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്.` പമ്പ മണിമല അച്ചൻകോവിലാറുകളിലെ പ്രളയം ഒഴിവാക്കാൻ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ:
മണിമലയാർ
കഴിഞ്ഞ 4 വർഷമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മണിമലയാറ്റിൽ 62 സ്ഥലങ്ങളിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. നദി വഴിമാറി ഒഴുകിയ ഭാഗങ്ങളിൽ ബണ്ട് നിർമിച്ച് പഴയ വഴിയിലൂടെ മാത്രം ഒഴുക്കുകയും കരയിലേക്കു കയറാതെ സംരക്ഷണം ഒരുക്കുകയും ചെയ്യും. 4 കിലോമീറ്ററോളം ദൂരത്തിൽ തീരസംരക്ഷണ ബണ്ടും നിർമിക്കും. .നദിയിലേക്കെത്തുന്ന 42 തോടുകളുടെ സംരക്ഷണവും പദ്ധതിയിലുണ്ട്. തോടുകളിൽ പല ഭാഗത്തായി 10 കിലോമീറ്ററോളം സംരക്ഷണ ഭിത്തി നിർമിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ ഈ അളവ് മഴ പെയ്താലും നദി കരകവിയില്ല.
എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് 196.67 കോടി രൂപയും ചെക്ക് ഡാമുകൾ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണിക്കായി 15 കോടി രൂപയും തകർന്ന കുളിക്കടവുകൾ പുനരുദ്ധരിക്കുന്നതിന് 15 കോടി രൂപയും വിനിയോഗിക്കും. മണിമലയാറിന്റെ തുടക്കത്തിലെ 15 കിലോമീറ്റർ പുല്ലകയാർ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ 8 കിലോമീറ്റർ ഭാഗം ഉരുൾപൊട്ടിയെത്തിയ പാറക്കൂട്ടം കിടക്കുകയാണ്. 31 ലക്ഷം ക്യുബിക് മീറ്ററിൽ 2.8 ലക്ഷവും പാറകളാണ്. ലോകബാങ്ക് സംഘം പഠനം നടത്തിയത് ഇവിടെയാണ്.
പമ്പ
പമ്പാനദിയിലെ പദ്ധതി 105 കോടിയോളം രൂപയുടേതാണ്. 14 അണക്കെട്ടുകളുള്ള നദിയിൽ വനപ്രദേശം ഒഴിവാക്കി കിസുമം മുതൽ താഴോട്ടുള്ള ഭാഗത്തെ സംരക്ഷണമാണ് ഒരുക്കുന്നത്. തീരസംരക്ഷണത്തിന് 107 സ്ഥലങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് 56 കോടി രൂപയും 5 സ്ഥലത്ത് മുളങ്കാടുകൾ, രാമച്ചം എന്നിവ നട്ടു ജൈവസംരക്ഷണത്തിന് 20 ലക്ഷം രൂപയുമുണ്ട്. 14 കടവുകളുടെ പുനരുദ്ധാരണത്തിനും തീരസംരക്ഷണത്തിനും 2.32 കോടി രൂപയും. മുക്കം, കണമല, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി എന്നീ 4 കോസ്‌വേകളുടെ സംരക്ഷണത്തിന് 2.5 കോടി രൂപയും പദ്ധതിയിലുണ്ട്. നദിയിലെ എക്കലും മണ്ണും 35 സ്ഥലത്ത് നീക്കം ചെയ്യുന്നതിന് 43 കോടി രൂപയുണ്ട്.
അച്ചൻകോവിൽ
അച്ചൻകോവിലാറ്റിൽ ഡാമുകളോ തടയണകളോ ഇല്ലാത്തതാണ് വെള്ളപ്പൊക്കത്തിനു കാരണമാകുന്നതെന്നാണ് പഠനം. 2 സ്ഥലത്തെങ്കിലും ചെക്ക് ഡാമുകൾ നിർമിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചാൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിയും. കല്ലേലി, ഓമല്ലൂർ എന്നിവിടങ്ങളിലാണു ചെക്ക് ഡാമുകൾ പണിയുക. നദിയുടെ പുനരുദ്ധാരണത്തിന് 71.1 കോടി രൂപയുടെ പദ്ധതിയാണുള്ളത്. 30 കോടി ജില്ലയ്ക്കും 40 കോടിയുടെ പദ്ധതികൾ ആലപ്പുഴ ജില്ലയിലുമായിരിക്കും.
കൈത്തോടുകൾ വീണ്ടെടുക്കുന്നതിന് 10 കോടി രൂപയും ചെക്ക് ഡാമുകൾ പണിയുന്നതിന് കുളനട ഊട്ടുപാറയിലും കോന്നി എല്ലുകാണി ക്ഷേത്രത്തിനു സമീപത്തും 5 കോടി രൂപ, അരുവാപ്പുലത്ത് ഒരു കോടി രൂപ, ഓമല്ലൂരിൽ 2.1 കോടി രൂപയുമുണ്ട്. എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് പന്തളം മുതൽ ഐരാണിക്കുടി വരെ 5.25 കോടി രൂപയുടെയും കുളനട ഊട്ടുപാറക്കടവിൽ 3.9 കോടിയുടെയും അരുവാപ്പുലം പാട്ടത്തിൽ കടവിൽ 2.25 കോടി രൂപയുടെയും പദ്ധതികളുണ്ട്.
മണലും പാറയും ലേലം ചെയ്യും
നീക്കം ചെയ്യുന്ന എക്കലും മണ്ണും നിക്ഷേപിക്കാൻ പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി നൽകണം. മണലും പാറയും ലേലം ചെയ്ത് കിട്ടുന്ന വരുമാനത്തിന്റെ 70% അതത് പഞ്ചായത്തിനും 30% റിവർ മാനേജ്മെന്റ് ഫണ്ടിലേക്കും പോകും.