kerala weather 11/12/24 : ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു, കേരളത്തില്‍ നാളെ മുതല്‍ മഴ സാധ്യത
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദം ( well marked low pressure – WML )അടുത്ത 24 മണിക്കൂറില്‍ ഇന്ത്യന്‍ തീരത്തോട് കൂടുതല്‍ അടുക്കും. ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും ഇടയിലേക്കാണ് ന്യൂനമര്‍ദം എത്തുക. ഇതുമൂലം ഇന്ന് മുതല്‍ തമിഴ്‌നാട്ടിലും നാളെ (വ്യാഴം) മുതല്‍ കേരളത്തിലും മഴ സാധ്യത.
പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിലാണ് ഈ ന്യൂനമര്‍ദം നീങ്ങുന്നത്. തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ മഴ ലഭിക്കും. തമിഴ്‌നാടിന്റെ കിഴക്കന്‍ തീരദേശങ്ങളിലും മറ്റുമാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക. തുടര്‍ന്ന് തമിഴ്‌നാടിന്റെ മധ്യ, തെക്കന്‍ മേഖലകളിലേക്കും മഴ വ്യാപിക്കും. ഇന്നു രാത്രി വൈകിയും നാളെ രാവിലെയുമായി തഞ്ചാവൂര്‍, തിരുച്ചി, പുതുച്ചേരി, ചെന്നൈ, കടലൂര്‍, തിരുവണ്ണാമലൈ, സേലം, നാമക്കല്‍, ഈറോഡ്, തിരുപ്പൂര്‍, മധുരൈ, ദിണ്ഡുകല്‍, കാരൈക്കുടി എന്നിവിടങ്ങളിലും മഴ ലഭിക്കും. നാഗപട്ടണത്തിനും പുതുച്ചേരിക്കും ഇടയിലാണ് തമിഴ്‌നാട്ടില്‍ ഈ ന്യൂനമര്‍ദത്തിന്റെ ഭാഗമായ ആദ്യ മഴ സാന്നിധ്യം അറിയിക്കുക.
കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ നാളെ മുതലേ ലഭിക്കുകയുള്ളൂ. മിക്കവാറും നാളെ വൈകിട്ട് മുതല്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഈ മഴ തുടങ്ങുക. കേരളത്തില്‍ ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ശേഷം തന്നെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. ചിലയിടങ്ങളില്‍ മൂടിക്കെട്ടിയ അവസ്ഥയും മഴയും ലഭിക്കും.
ന്യൂനമര്‍ദം ഇനിയും ശക്തികൂടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോഴും പ്രവചിക്കുന്നില്ലെങ്കിലും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദം (Depression) വരെ ആകാമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിഗമനം. തമിഴ്‌നാട് തീരത്തോട് അടുക്കുമ്പോഴാണ് കാറ്റ് ശക്തിപ്പെടുക. നിലവില്‍ സിസ്റ്റത്തിലെ കാറ്റിന് 36-38 കി.മി ആണ് വേഗത. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്ന് 680 കി.മി അകലെയാണ് സിസ്റ്റം സ്ഥിതി ചെയ്യുന്നത്.
ചുഴലിക്കാറ്റാകുമോ ?
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സിസ്റ്റം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പരമാവധി തീവ്ര ന്യൂനമര്‍ദം ആകാനേ സാധ്യതയുള്ളൂ. എന്നാല്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ന്യൂനമര്‍ദത്തിന്റെ പാതയില്‍ മാറ്റമുണ്ട്. കൂടുതല്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ ഈ സിസ്റ്റം നീങ്ങാനും അതിനാല്‍ ശ്രീലങ്കക്ക് സമീപമെത്തുമ്പോള്‍ ശ്രീലങ്ക മുറിച്ചു കടന്ന് കന്യാകുമാരി കടലിലേക്ക് എത്താനുമുള്ള സാധ്യത മുന്നിലുണ്ട്.
ഓഖിയുടെ പാതയില്‍ പോകുമോ?
ഇപ്പോഴത്തെ സിസ്റ്റം അറബിക്കടലില്‍ എത്തിയാല്‍ വീണ്ടും ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ട്. കാരണം ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ സജീവമാണ് ഇപ്പോള്‍ അറബിക്കടല്‍. കാറ്റിന്റെ ഖണ്ഡധാര പ്രശ്‌നങ്ങള്‍ ഇല്ല. കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ഒരു സിസ്റ്റം രൂപപ്പെടാനുള്ള അന്തരീക്ഷസ്ഥിതി അറബിക്കടലില്‍ ഏതാനും ആഴ്ചയായി തുടരുന്നുണ്ട്.
അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായാല്‍ ശ്രീലങ്ക നല്‍കിയ ശക്തി എന്ന പേരിലായിരിക്കും അറിയപ്പെടുക. അങ്ങനെയെങ്കില്‍ തെക്കന്‍ കേരളത്തില്‍ അടക്കം കൂടുതല്‍ മഴയും പേമാരിയും ലഭിക്കും. ഇപ്പോഴത്തെ പ്രവചനപ്രകാരം കേരളത്തില്‍ മധ്യ, വടക്കന്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും മഴ സാധ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുക