ഇന്നും പരക്കെ വേനൽ മഴ: ഒരാഴ്ച മഴ തുടരും
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഉച്ചയ്ക്ക് ശേഷം മഴ തുടങ്ങി. മെയ് 15 വരെ കേരളത്തില്‍ പരക്കെ വേനല്‍ മഴ ലഭിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഢ്, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലും ഇടിയോടെ ശക്തമായ മഴ ലഭിക്കും.
ഇന്നും പരക്കെ വേനല്‍ മഴ
ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ശേഷം എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ഇടുക്കി ജില്ലയുടെ മധ്യ മേഖല, പത്തനംതിട്ട ജില്ലയുടെ കിഴക്ക്, തിരുവനന്തപുരം ജില്ലയുടെ കിഴക്ക്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു സംസ്ഥാന വ്യാപകമായി പരക്കെ മഴ ലഭിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
വൈകിട്ടും രാത്രിയിലും കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കും. ഇന്നലെ വടക്കന്‍ കേരളത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ രാത്രി മഴ ലഭിച്ചിരുന്നു. മൂന്നു മാസത്തിലേറെയായി മഴ ലഭിക്കാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മഴ ലഭിച്ചു.
കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഇന്നലെ രാത്രി വേനല്‍മഴയെ തുടര്‍ന്ന് ശക്തമായ കാറ്റുണ്ടായിരുന്നു. മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായി. ഈ വര്‍ഷം ആദ്യമായാണ് കോഴിക്കോട് ജില്ലയില്‍ വേനല്‍ മഴ ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് ജനശതാബ്ദി ട്രെയിന്‍ വൈകിയാണ് സര്‍വിസ് നടത്തിയത്.
കോടഞ്ചേരി ടൗണില്‍ തെങ്ങ് വീണ് മരമില്ല് തകര്‍ന്നു. ഒറ്റപ്ലാക്കല്‍ രാജുവിന്റെ സെന്റ് ആന്റണീസ് മില്ലാണ് തകര്‍ന്നത്. ശക്തമായ മിന്നലില്‍ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. മരം വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ കാറ്റും മിന്നലും
വേനല്‍മഴയോട് അനുബന്ധിച്ച് ശക്തമായ കാറ്റും മിന്നലുമുണ്ടാകും. അതിനാല്‍ ജാഗ്രത പാലിക്കണം. കാറ്റുള്ളപ്പോള്‍ വാഹനങ്ങള്‍ മരങ്ങള്‍ക്ക് താഴെ പാര്‍ക്ക് ചെയ്യരുത്. മരക്കമ്പുകള്‍ ഒടിഞ്ഞുവീണ് അപകടം ഉണ്ടാകുന്നത് സൂക്ഷിക്കണം. മിന്നല്‍ ജാഗ്രതയും പാലിക്കണം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴ വിഡിയോകളും വിവരങ്ങളു അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. അപ്‌ഡേഷനുകള്‍ക്ക് ഈ വെബ്‌സൈറ്റിലും തുടരുക.