കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകളിൽ വെള്ളം കയറി

കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാശനഷ്ടം. തൃശ്ശൂർ, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്.

തൃശ്ശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി റോഡിൽ വീണു. പ്രദേശവാസി ഫ്രാൻസിസിനെ വീട്ടുമുറ്റത്തുള്ളമാവാണ് കടപുഴകി വീണത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പെരിങ്ങാവ് ഷൊർണൂർ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മരം മുറിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങി.

ആലപ്പുഴ ചേർത്തലയിൽ മത്സ്യ വില്പന ശാലയുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. കട തുറക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. കട പൂർണ്ണമായും തകർന്നു. തെങ്ങ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

ആലപ്പുഴ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഹരിപ്പാട് കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള വീടുകളിലും വെള്ളം കയറി. ദേശീയപാത നിർമ്മാണത്തെ തുടർന്ന് ഉള്ള കുഴികളിൽ നിറഞ്ഞ വെള്ളം വീടുകളിലേക്ക് കയറുകയാണ്.

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കോസ് വേകളിൽവെള്ളം കയറി. പമ്പാ നദിയുടെ തീരത്തുള്ള കുറുമ്പ മൂഴി, മുക്കം ക്രോസ് വേഗകളാണ് വെള്ളത്തിൽ മുങ്ങിയത്. 250 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായും വിവരങ്ങൾ ഉണ്ട്.റാന്നി ചുങ്ക പാറയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.
കോട്ടയത്ത് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. വെച്ചൂർ ഇടയാഴം സ്വദേശി സതീഷിന്റെ വീടാണ് നിലം പതിച്ചത്. വലിയ ശബ്ദം കേട്ട ഉടനെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.തിങ്കളാഴ്ച രാത്രിയാണ് സംഭവം.

Leave a Comment