ഉരുള്‍പൊട്ടലിന്റെ പൊരുളെന്ത്?

ഉരുള്‍പൊട്ടലിന്റെ പൊരുളെന്ത്?

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും 2024 ഓഗസ്റ്റ് 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ 240 ലേറെ പേര്‍ മരിച്ചതോടെയാണ് ഉരുള്‍പൊട്ടലിന്റെ ഭീകരതയെ കുറിച്ച് മലയാളികള്‍ മനസിലാക്കി തുടങ്ങുന്നത്. ഉരുള്‍പൊട്ടലിന്റെ പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും അതിശയോക്തി തിയറികളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരവധി ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതുവരെ നടന്ന വിവിധ ശാസ്ത്രീയ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ metbeatnews.com തയാറാക്കിയ പരമ്പര വായിക്കാം. ഉരുള്‍പൊട്ടലിന്റെ പൊരുളെന്ത്

വിവിധ ഭൗമോപരിതല പ്രതിഭാസങ്ങള്‍

ഭൗമോപരിതലത്തില്‍ ഉണ്ടാകുന്ന വിവിധ പ്രകൃതി പ്രതിഭാസങ്ങളില്‍ ഒന്നാണ് ഉരുള്‍പൊട്ടല്‍. ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ ആകെ വിളിക്കുന്ന പേരാണ് ഭൂദ്രവ്യശോഷണം. നിരവധി ഭൂഗുരുത്വാകര്‍ഷണം മൂലം മലകളില്‍ നിന്നോ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നോ പാറക്കല്ലുകളോ മേല്‍മണ്ണോ ശിലകളോ താഴേക്ക് പതിക്കുന്നതിനെയാണ് ഭൂദ്രവ്യശോഷണം (Mass Wasting) എന്നു വിളിക്കുന്നത്. ഏറ്റവും വിനാശകരമായ ഭൂദ്രവ്യശോഷണങ്ങളില്‍ പെട്ടതാണ് ഉരുള്‍പൊട്ടല്‍. ലോകത്ത് ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളിലൊന്നായിരുന്നു കഴിഞ്ഞ മാസം വയനാട്ടിലുണ്ടായത്.

മലയിടിച്ചില്‍ (Land Fall), ശിലാപതനം (Rock Fall), മണ്ണിടിച്ചില്‍ അഥവാ മലകളുടെ നിരങ്ങിയിറങ്ങല്‍ (Landslide), ഉരുള്‍പൊട്ടല്‍ (Deribs Flow), ഭൂമി ഇടിഞ്ഞുതാഴല്‍ (Land Subsidence) തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഭൂദ്രവ്യശോഷണത്തില്‍ പെടുന്നു. ആള്‍നാശത്തിനും വസ്തു നാശത്തിനും കാരണമാകുന്നതിനാല്‍ ഉരുള്‍പൊട്ടലാണ് കൂടുതലായി ചര്‍ച്ച ചെയ്യാറുള്ളത്.

ഉരുള്‍പൊട്ടല്‍ (Deribs Flow)

ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ഭൂമിക്കുള്ളിലെ ജലപ്രവാഹത്തോടൊപ്പം താഴേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍ (Deribs Flow). മലയുടെ ചെരിവ് (Slope) മണ്ണിന്റെ ഘടന, മണ്ണിന്റെ ആഴം, ഭൂവിനിയോഗം, നീര്‍ച്ചാലുകളുടെ വിന്യാസം എന്നിവയാണ് ഉരുള്‍പൊട്ടലിന് കാരണമാകുന്ന പ്രധാന കാരണങ്ങള്‍.

പ്രധാന വില്ലന്‍ തീവ്രമഴ തന്നെ

തീവ്രമഴയാണ് ഒരു പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാക്കുന്ന പ്രധാന കാരണം. ലഘുമേഘവിസ്‌ഫോടനം, ഭൂചലനം എന്നിവയും ഉരുള്‍പൊട്ടലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് (Trigger Factttor). ഇതൊടൊപ്പം മണ്‍സൂണ്‍ സീസണില്‍ അശാസ്ത്രീയ പാറപ്പൊട്ടിക്കല്‍, അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉരുള്‍പൊട്ടലിന്റെ ആക്കം കൂട്ടും. പ്രകൃതിയില്‍ മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും.

ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

മനുഷ്യനിര്‍മിതവും സ്വാഭാവികവുമായ കാരണങ്ങളായി ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ തരംതിരിക്കാം. ഇവ എന്തെല്ലാമെന്ന് നോക്കാം.

തീവ്രമഴ/ ലഘു മേഘവിസ്‌ഫോടനം

ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളിലെ തീവ്രമഴയോ ലഘുമേഘവിസ്‌ഫോടനമോ ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ചേക്കും. ഒരു പ്രദേശത്ത് നിശ്ചിതകാലയളവില്‍ പെയ്യുന്ന അതിവൃഷ്ടിയാണ് ഉരുള്‍പൊട്ടലിന്റെ മറ്റൊരു കാരണം. ദുരന്ത ദിവസത്തെ മഴയുടെ അളവ് മാത്രമല്ല തുടര്‍ച്ചയായി അഞ്ചു ദിവസത്തെ മഴയുടെ അളവ് പ്രധാനമാണ്. 24 മണിക്കൂറില്‍ 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് തീവ്രമഴയായി കണക്കാക്കുന്നത്. രണ്ടു മണിക്കൂറില്‍ 50 എം.എം മഴ ലഭിച്ചാല്‍ അത് ലഘുമേഘവിസ്‌ഫോടനമായും കണക്കാക്കണം.

ഭൂചലനവും ഉരുള്‍പൊട്ടലും

ചെറുതും വലുതുമായ ഭൂചലനങ്ങള്‍ പാറകളില്‍ വിള്ളലുണ്ടാക്കുകയും അതിലേക്ക് മഴക്കാലത്ത് വെള്ളമിറങ്ങി ഉരുള്‍പൊട്ടലിന് കാരണമാകാം. മഴക്കാലത്തെ വലിയ ഭൂചലനങ്ങള്‍ നേരിട്ട് ഉരുള്‍പൊട്ടലുണ്ടാക്കാറുണ്ട്. കേരളത്തില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ തീവ്രമഴക്കൊപ്പം ശക്തമായ ഭൂചലനങ്ങള്‍ ഉരുള്‍പൊട്ടലുണ്ടാക്കാറുണ്ട്.

ഭൂമിയുടെ ചെരിവ് പ്രധാനം

20 ഡിഗ്രിക്ക് മുകളില്‍ ചെരിവ് വരുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. ഇന്ത്യയില്‍ 30 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളില്‍ നിര്‍മാണവും മറ്റും അനുവദിക്കാറുണ്ട്. പഠനങ്ങള്‍ പ്രകാരം 16 ഡിഗ്രിയില്‍ ചെരിവുള്ള കുന്നിന്‍ ചെരിവുകളില്‍ കുറച്ചു മണ്ണിടിച്ചിലുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഒരു പ്രദേശത്തെ ചെരിവ് 20 ഡിഗ്രിക്ക് മുകളിലും ചെരിവിന്റെ നീളം 100 മുതല്‍ 150 മീറ്ററിനു കൂടുതലോ മേല്‍മണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്.

ഭൂപ്രദേശത്തിന്റെ നിന്മോന്നത (Relative Relief)

ഒരു പ്രദേശത്തിന്റെ നിന്മോന്നത എന്നാല്‍ ആ പ്രദേശത്തിന്റെ ഉയര്‍ച്ച താഴ്ചകളുടെ വ്യത്യാസം ആണ് സൂചിപ്പിക്കുന്നത്. ഒരു പ്രദേശത്തെ മണ്ണിന്റെ വികാസവും അതിലെ ജലത്തിന്റെ ചലനവും പ്രദേശത്തിന്റെ ഉയരവ്യത്യാസങ്ങളെ സ്വാധീനിക്കുന്നുണ്ട്. 300 മീറ്ററില്‍ കൂടുതല്‍ നിന്മോന്നതയുള്ള പ്രദേശങ്ങളെ അസ്ഥിരമായാണ് കണക്കാക്കുന്നത്. 150 മീറ്ററില്‍ കൂടുതലാണെങ്കില്‍ പോലും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

ശിലാസ്വഭാവം (Geology)

ശിലകളുടെ സ്വഭാവം, ഘടന, വിള്ളലുകളുടെ കിടപ്പ്, ദ്രവിച്ച പാറയും മേല്‍മണ്ണും ചേര്‍ന്ന മേഖലയുടെ കനം എന്നിവ മണ്ണിടിച്ചിലിനു കാരണമാകുന്ന ഭൗമശാസ്ത്ര ഘടകങ്ങളാണ്. മൃദുശിലകള്‍ കൂടുതലുള്ള ചെരിവുകളില്‍ മണ്ണിടിച്ചിലിനു സാധ്യത കൂടുതലാണ്. കേരളം പോലെ പശ്ചിമഘട്ട മലനിരകളുള്ള പ്രദേശത്തെ ശിലകളിലെ വിള്ളലുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുകയും മണ്ണിടിച്ചിലിന് കാരണമാകുകയും ചെയ്യും.

ജലപ്രവാഹം (Drainage)

ഉയര്‍ന്ന മലഞ്ചരിവുകളിലെ ജലപ്രവാഹത്തിന്റെ സവിശേഷതയും ഉരുള്‍പൊട്ടല്‍ നിര്‍ണയത്തിന് അനിവാര്യമാണ്. ജലനിര്‍ഗമനക്രമങ്ങളും പ്രവാഹത്തിന്റെ സാന്ദ്രതയും (Drainage Denstiy) സാമാന്തര ജലപ്രവാഹ ക്രമങ്ങളുള്ള (Drainage Pattern) പ്രദേശങ്ങളില്‍ ചരിവിന്റെ ദൃഢത കുറയാന്‍ ഇടയാക്കും.

സസ്യാവരണം (Vegetation)

ആഴത്തില്‍ വേരോട്ടമുള്ള വന്‍വൃക്ഷങ്ങളുടെ വേരുകള്‍ ഉപരിതലത്തിലെ മണ്ണിനു താഴെയുള്ള ശിലകളുമായി പണഞ്ഞു ചേരുന്നത് മലഞ്ചെരുവുകളുടെ സ്ഥിരത വര്‍ധിപ്പിക്കും. പുല്ലുകളും മറ്റു സസ്യങ്ങളും ഉപരിതലത്തിലെ മണ്ണൊലിപ്പ് തടയുന്നു. ഇവ ഇടതൂര്‍ന്ന ആവരണമായി മാറുന്നു. കൂടാതെ പതിക്കുന്ന മഴത്തുള്ളികളുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. ജല ബാഷ്പീകരണം കുറയ്ക്കുന്നതിനും മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.

മനുഷ്യ നിര്‍മിത കാരണങ്ങള്‍

ചെങ്കുത്തായ പ്രദേശത്തെ നിര്‍മിതികള്‍, അശാസ്ത്രീയ റോഡ് നിര്‍മാണം, മലകള്‍ ഇടിച്ചുനിരത്തി വീടുവയ്ക്കല്‍, അശാസ്ത്രീയ മറ്റു ഭൂവിനിയോഗം, സ്‌ഫോടനം നടത്തി കരിങ്കല്‍ ഖനനം തുടങ്ങിയവ പ്രധാന മാനുഷിക ഇടപെടലുകളാണ്. നീര്‍ച്ചാലുകളോട് ചേര്‍ന്ന് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും ദുരന്തങ്ങള്‍ക്ക് കാരണമാകും.

കേരളത്തിലെ പ്രധാന ഉരുള്‍പൊട്ടലുകള്‍

2018 ല്‍ ഇടിക്കി ജില്ലയിലെ മൂന്നാറിലും വയനാട്ടിലെ വൈത്തിരിയിലും ഉരുള്‍പൊട്ടി

2019 ല്‍ വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും ഉരുള്‍പൊട്ടി

2020 ല്‍ ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി

2021 കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ഉരുള്‍പൊട്ടി

2024 വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി 250 ഓളം പേര്‍ മരിച്ചു.

കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭൂപടം തയാറാക്കിയിട്ടുണ്ട്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. ഓരോ ജില്ലകളിലെയും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടുത്ത ഭാഗത്തില്‍. (തുടരും)

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment