Weather updates 30/11/24: ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട് വഴി വടക്കൻ കേരളത്തിലേക്ക്:  മഴ ശക്തമാകും

Weather updates 30/11/24: ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട് വഴി വടക്കൻ കേരളത്തിലേക്ക്:  മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക്‌ സമീപം കരയിൽ പ്രവേശിച്ചതിനു ശേഷം തമിഴ്നാട്, കർണാടക വഴി വടക്കൻ കേരളത്തിൽ എത്തിചേർന്ന് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ. ഡിസംബർ 2നും 3നുമായി കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ശക്തി കുറഞ്ഞു അറബികടലിലേക്കു നീങ്ങുമെന്നാണ് വിവിധ അന്തരീക്ഷ മോഡലുകളുടെ നിഗമനം. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചതിനു ശേഷം കേരളത്തിലെ സാഹചര്യം കുറച്ചു കൂടി വ്യക്തമാകുകയുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ഇന്ന് വൈകുന്നേരം മുതൽ കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ ശക്തമാകും . നിലവിൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചനയെങ്കിലും തെക്കൻ കേരളത്തിലും മഴ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

അതേസമയം ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായി റവന്യു, ദുരന്തനിവാരണ വിഭാഗം മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ അറിയിച്ചു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 1,193 എർത്ത് മൂവറുകൾ, 806 ബോട്ടുകൾ, 977 ജനറേറ്ററുകൾ, മരക്കൊമ്പുകൾ മുറിക്കാൻ 1,786 കട്ടറുകൾ, 2,439 മോട്ടർ പമ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ. ദുരിതാശ്വാസകേന്ദ്രങ്ങളും ഒരുക്കി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫിസർമാരെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തെയും നിയോഗിച്ചു.

യാത്രികർക്ക് മുന്നറിയിപ്പ്

നഗരത്തിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു തന്നെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർപോർട്ട് അതോറിറ്റി യാത്രക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കപ്പെടാനോ പുറപ്പെടുന്നത് വൈകാനോ സാധ്യതയുണ്ടെന്നും എയർപോർട്ട് അതോറിറ്റി. സർവീസുകളിൽ മാറ്റങ്ങളുണ്ടായാൽ യാത്രക്കാരെ അറിയിക്കണമെന്നു വിമാനക്കമ്പനികൾക്കും നിർദേശം നൽകി.

നഗരത്തിലും സമീപ ജില്ലകളിലും ഇന്നു കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങളുള്ളവർ മാത്രമേ പുറത്തിറങ്ങാവൂവെന്നും അല്ലാത്തവർ വീട്ടിൽ തന്നെ കഴിയണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന‌് സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിട്ടുണ്ട്. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്താൻ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ട്.

ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹ്രോം സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

ഇസിആർ, ഒഎംആർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ച മുതൽ പൊതുഗതാഗത വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കുമെന്നും അധികൃതർ പറഞ്ഞു

ബീച്ചുകളും പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്.

ഈ വർഷത്തെ നാലാമത്തെയും ഈ സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഫിൻജാൽ .  ഈ പേര് സൗദി അറേബ്യ ആണ് നിർദേശിച്ചത്.  FENGEL ( pronounced as  FEINJAL).

തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു . ഇന്ന്  വൈകുന്നേരത്തോടെ (നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം   മണിക്കൂറിൽ പരമാവധി  90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ  അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4  തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

ഓറഞ്ച് അലർട്ട്

02/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

03/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്


മഞ്ഞ അലർട്ട്

01/12/2024: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്

03/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

04/12/2024: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്


metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.