weather (29/07/24) : കേരളത്തിലെ മഴ സാധ്യത, അർജുൻ്റെ തെരച്ചിലിന് കാലാവസ്ഥ മോശമാകുമോ?
കര്‍ണാടകയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരില്‍ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന് അടുത്ത 21 ദിവസം കാലാവസ്ഥ മോശമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് ഈ മേഖലയിലെ കാലാവസ്ഥാ പ്രവചനമെന്ന് നോക്കാം.
കൊങ്കണില്‍ മഴ തുടരും
കൊങ്കണ്‍ മേഖലയില്‍ പെടുന്ന പ്രദേശമാണ് ഉത്തര കന്നഡയിലെ അങ്കോള. ഇവിടെ പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള പ്രദേശമായ ഷിരൂരിലാണ് വന്‍തോതിലുള്ള മണ്ണിടിച്ചിലുണ്ടായത്. ജൂണ്‍ അവസാനവാരം മുതല്‍ കൊങ്കണ്‍ മേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. ഇതാണ് അവിടെ മണ്ണടിച്ചിലിനും കാരണമായത്.
അതിനുശേഷം ശക്തമായ മഴ തുടരുകയാണ്. ഇതുകൊണ്ട് ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നു. ശക്തമായ അടിയൊഴുക്കുള്ള ഈ പുഴയിൽ രക്ഷാപ്രവർത്തനവും ദുഷ്കരമാകുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
മുംബൈ മുതല്‍ വടക്കന്‍ കേരളം വരെ ഇനിയും മഴ തുടരുമെന്നാണ് Metbeat Weather ലെ നിരീക്ഷകര്‍ പറയുന്നത്. കൊങ്കണ്‍ മേഖല, ഗോവ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരും.
കേരളത്തിലും ശക്തമായ മഴ
ഇന്നും നാളെയും കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരത്ത് മഴ ശക്തമാകും. ഇതിൽ കൊങ്കൺ മേഖലയും തീരദേശ കർണാടകയും ഉൾപ്പെടും. കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദത്തിന്റെ ശേഷിപ്പുകൾ മധ്യപ്രദേശിനു മുകളിൽ കാറ്റിന്റെ ചുഴി രൂപപ്പെട്ടതാണ് ഇന്നലെ മുതൽ കേരളത്തിൽ മഴ ശക്തമാകാൻ കാരണം.
തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി തുടരുകയാണ്. ഗുജറാത്തിലെ ചക്രവാതച്ചുഴിയുമായി ഈ ന്യൂനമര്‍ദ പാത്തിക്ക് ബന്ധമുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും അത് മധ്യ ഇന്ത്യയിലേക്ക് നീങ്ങാനുമാണ് സാധ്യത.
അങ്ങനെയെങ്കില്‍ കൊങ്കണ്‍ തീരത്ത് കാലവര്‍ഷക്കാറ്റ് ശക്തമായി മഴ തുടരുകയും ഗംഗാവലിയില്‍ കുത്തൊഴുക്ക് തുടരുകയും ചെയ്യും. കൊങ്കണ്‍ മലനിരകളില്‍ എപ്പോഴും മഴ സാധ്യത നിലനില്‍ക്കുന്നു.
മുംബൈ മുതല്‍ തെക്കോട്ടും മംഗലാപുരം മുതല്‍ വടക്കോട്ടും മഴ കനക്കും. മുംബൈ, ഗോവ, രത്‌നഗിരി, പൂനെ, താനെ, മഹാബലേശ്വര്‍, സംഗ്ലി, ഹര്‍നായ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇനി മഴ ശക്തമാകുക. ഒരാഴ്ചയെങ്കിലും ഈ മേഖലയില്‍ മഴ തുടരും. കേരളത്തിൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാളെയോടെ മഴ വീണ്ടും കുറയും.
അതിനിടെ, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് 14–ാം ദിവസത്തിലേക്ക് പ്രവേശിക്കും. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമേ തിരച്ചിൽ നടക്കുകയുള്ളൂ. 21 ദിവസം ഉത്തര കന്നഡയിൽ കനത്ത മഴ പ്രവചിച്ചതിനാലാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധി നേരിടുന്നത്.
അർജുനായുള്ള തെരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തെരച്ചിൽ തുടരണം എന്നാണ് അവരുടെ ആവശ്യം. പെട്ടെന്ന് തെരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. കേരള, കർണാടക സർക്കാരുകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപറേറ്റർമാർ ഉടൻ ഷിരൂരിൽ എത്തുമെന്നാണ് വിവരം. സ്ഥലത്തു ഡ്രഡ്ജിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ അനുയോജ്യമാണോ എന്നാണ് ഇവർ പരിശോധിക്കുക. കാർഷിക സർവകലാശാലയുടെ കീഴിലാണ് ഇപ്പോൾ ഈ യന്ത്രമുള്ളത്.
ഹിറ്റാച്ചി ബോട്ടിൽകെട്ടി നിർമിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് നിലവിൽ ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് നങ്കൂരമിട്ട് പ്രവർത്തിക്കാൻ കഴിയും.
അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് ഉത്തര കന്നഡ ജില്ലാ കലക്ടർ കഴിഞ്ഞദിവസം തൃശൂർ കലക്ടറോട് വിവരങ്ങൾ തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നത് അനുസരിച്ചാകും തിരച്ചിലിന്റെ ഭാവി എന്നാണ് റിപ്പോർട്ടുകൾ.
ഇത് പരിശോധിക്കാനാണ് യന്ത്രത്തിന്റെ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് തിരിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത–66 ഇന്ന് തുറന്നുകൊടുത്തേക്കും. 500 ലേറെ ലോറികളാണ് ഇവിടെ ലോഡുമായി കാത്തു കഴിയുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag