weather kerala (25/06/24) : മഴയും കാറ്റും തുടരും, 27 വരെ ജാഗ്രത വേണം
weather kerala (25/06/24) : Somali Jet stream ഉൾപ്പെടെ ശക്തമായതോടെ കേരളത്തിൽ ഇടവേളകളോടെയുള്ള ശക്തമായ മഴ തുടരും. കാലവർഷത്തിൻ്റെ സ്വഭാവത്തിലാണ് മഴ ലഭിക്കുക. വടക്കൻ കേരളത്തിലാണ് ഇന്ന് ഉച്ചവരെ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ഇന്നലെയും വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
കേരളതീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദം പാത്തി മഹാരാഷ്ട്ര സമീപം രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) കേരളതീരത്ത് സജീവമായ സോമാലി ജെറ്റ് സ്ട്രീം എന്നിവയാണ് മഴ ശക്തമാക്കുന്നത്. കടലിലെ മേഘ രൂപീകരണ തോത് കൂടുന്നതും കുറയുന്നതും അനുസരിച്ച് മഴയുടെ അളവിലും വ്യത്യാസം ഉണ്ടാകും.
രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം മഴ മേഘങ്ങൾ കേരള തീരത്ത് സജീവമാണ്. രാവിലെ സ്വാഭാവികമായി ലഭിക്കുന്ന ദീർഘ ഇടവേളകൾ ഉണ്ടാകും. വടക്കൻ കേരളത്തിൽ പുലർച്ചെ മുതൽ മഴ ശക്തമാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മഴ ലഭിക്കുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ശക്തമാണ്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇടുക്കിയിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ഇടുക്കി വില്ലാഞ്ചിറയിൽ കെ.എസ്.ആർ.ടി.സി ബസ്സിനും കാറിനും മുകളിലേക്ക് മരം മറിഞ്ഞുവീണാണ് അപകടം. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മഴക്കൊപ്പം മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ചുഴറ്റി വിശാവുന്ന കാറ്റ് തീരദേശത്തും മലയോര മേഖലയിലും ഉണ്ടാകുമെന്ന് Metbeat Weather പറഞ്ഞു. അതിനാൽ കാറ്റുള്ളപ്പോൾ ജാഗ്രത വേണം.
കോട്ടയത്ത് ശക്തമായ മഴയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. അപകടത്തിൽ കാർ പൂർണമായും തകർന്നു.
വാഹനങ്ങൾ റോഡരികിലെ തണൽ മരങ്ങൾക്കു താഴെ പാർക്ക് ചെയ്യരുത്. കിഴക്കൻ മേഖലയിൽ രാത്രി യാത്രയും വിനോദസഞ്ചാരവും അടുത്ത മൂന്നു ദിവസത്തേക്ക് സുരക്ഷിതമല്ല. മലയോര മേഖലകളിൽ പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ മഴയ്ക്കും മഴവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത.
നേരത്തെയുള്ള പ്രവചനകളിൽ ഈ മാസം 26 വരെയാണ് മഴ പ്രവചിച്ചിരുന്നതെങ്കിൽ ഈ മാസം 27 വരെ മഴ തുടരും എന്നാണ് പുതിയ അപ്ഡേഷൻ. 28 ഓടെ വെയിൽ തെളിഞ്ഞു തുടങ്ങും. തുടർന്ന് കുറച്ചുദിവസം വഴക്ക് ഇടവേള ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാലും ഒറ്റപ്പെട്ട മഴ ഈ സമയങ്ങളിലും പ്രതീക്ഷിക്കണം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.