weather kerala 13/06/24: വടക്ക് ഒറ്റപ്പെട്ട മഴ തുടരും; മറ്റു ജില്ലകളിൽ മഴക്ക് ദീർഘ ഇടവേള
weather kerala 13/06/24: ഒഡിഷക്ക് മുകളിലെ ചക്രവാത ചുഴിയുടെ (cyclonic circulation) സ്വാധീനം കേരളതീരത്ത് കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് മഴ കുറയും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. മറ്റു ജില്ലകളിൽ ഇന്നലത്തെ അപേക്ഷിച്ചു മഴ കുറവായിരിക്കും.
അതേസമയം, കൊങ്കൺ മേഖലയിൽ അടുത്ത ആഴ്ച മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനം വടക്കൻ കേരളത്തിലും ലഭിക്കും. കഴിഞ്ഞദിവസം മാറാത്ത് വാഡക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ത്യക്ക് മുകളിലൂടെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ ഒഡീഷക്ക് മുകളിൽ നിലകൊണ്ട ചക്രവാത ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കും.
അന്തരീക്ഷത്തിന്റെ മിഡ് ലെവലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിനാൽ അന്തരീക്ഷത്തിൻ്റെ താഴ്ന്ന ഉയരങ്ങളിൽ കാലവർഷക്കാറ്റ് സ്വാധീനിക്കുന്നത് കുറഞ്ഞു. കേരളതീരത്ത് ഒറ്റപ്പെട്ട മേഘങ്ങൾ ഉണ്ടെങ്കിലും അവ കരകയറുന്നില്ല. മേഘങ്ങൾ തുടർച്ചയായി കരകയറുകയും കാറ്റ് അനുകൂലമാകുകയും ചെയ്യുമ്പോഴാണ് തുടർച്ചയായ മഴ ലഭിക്കുന്നത്.
വടക്കൻ കേരള തീരത്തും തീരദേശ കർണാടകയിലെ കൊങ്കൺ മേഖലയിലും മഴ കൂടും. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ആണിത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴയുടെ ഇടവേള കൂടും. അടുത്ത ഏതാനും ദിവസങ്ങളിലും ഇതേ കാലവസ്ഥ കേരളത്തിൽ തുടരാനാണ് സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.