ന്യൂനമർദം രൂപപ്പെടുന്നതിനു മുന്നോടിയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഇന്ന് വൈകിട്ടത്തെ വിവരം അനുസരിച്ച് ജലനിരപ്പ് 140.4 അടിയായി. 142 അടിയാണ് പരമാവധി ജലനിരപ്പ്. കഴിഞ്ഞ ദിവസം 140 അടി പിന്നിട്ടതിനെ തുടർന്ന് തമിഴ്നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മുല്ലപെരിയാറിൽ 1.6 ഉം തേക്കടിയിൽ 1.7 സെ.മി ഉം മഴ ലഭിച്ചു.
തമിഴ്നാട് കൊണ്ടുപോകുന്നത് 511 ക്യുസെസ്ക് മാത്രം
ഡാമിലേക്ക് 1,481 ക്യൂസെക്സ് വെള്ളം ഒഴുകിയെത്തുകയും 511 ക്യൂസെക്സ് പുറത്തേക്ക് ഒഴുക്കുകയും ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ മറ്റൊരു ഡാമായ വൈഗയിൽ ജലനിരപ്പ് 65.29 അടിയാണ്. 71 അടിയാണ് പരമാവധി ജലനിരപ്പ്. വൈഗയിലേക്ക് 1,510 ക്യൂസെക്സ് വെള്ളം ഒഴുകിയെത്തുകയും 1,519 അടി ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടിൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. സൊത്തുപാറെ ഡാമിൽ 2.8, കുപ്പനംപട്ടി 2.5, കൊടൈക്കനാൽ 2.3 സെ.മി മഴ ലഭിച്ചു. മറ്റു ഡാമുകളിൽ 2 സെ.മിൽ താഴെയാണ് മഴ ലഭിച്ചത്.
141 ൽ രണ്ടാം ജാഗ്രതാ നിർദേശം
മുല്ലപെരിയാറിൽ ജലനിരപ്പ് 141 അടിയിലെത്തിയാൽ രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകും. 142 അടിയിലെത്തുന്നതോടെ മൂന്നാമത്തെ ജാഗ്രത നിർദേശം നൽകി സിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നുവിടും. വെള്ളിയാഴ്ചയോടെ ന്യൂനമർദം തമിഴ്നാട് തീരത്ത് പ്രവേശിച്ച് കേരളത്തിലേക്ക് കടക്കുന്നതോടെ തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ഡാം തുറക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.