ഇന്നു മുതൽ ശക്തമായ മഴ; പ്രാദേശിക പ്രളയം, ഗൾഫിൽ മുന്നറിയിപ്പ്
ഗള്‍ഫില്‍ വീണ്ടും ശക്തമായ മഴയെത്തുന്നു. ഏപ്രില്‍ 14 മുതല്‍ 16 വരെയാണ് മഴ കനക്കുക. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ഇവിടെയുള്ള പ്രവാസികളും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
ഗള്‍ഫിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയും ന്യൂനമര്‍ദവുമാണ് മഴക്ക് കാരണമാകുക. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, തെക്കന്‍ ഇറാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജന്‍സികളും കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ മഴ കനക്കും
സൗദി അറേബ്യയില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ വിവിധ മേഖലകളില്‍ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. റിയാദ്, ഹെയില്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും.
കിഴക്കന്‍ പ്രവിശ്യകളിലാകും കൂടുതല്‍ ശക്തമായ മഴയും പ്രാദേശിക പ്രളയ സാധ്യതയുമുള്ളത്. ഇടിയോടെ കൂടെയാണ് മഴയുണ്ടാകുക. ജനങ്ങള്‍ പൊതുസുരക്ഷാ നിര്‍ദേശം പാലിക്കണം. രാജ്യത്തുടനീളം സിവില്‍ ഡിഫന്‍സ് കനത്ത മഴക്കും കാറ്റിനുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ജനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലുള്ളവര്‍ 998 ലേക്കും മറ്റുള്ളവര്‍ 911 ലേക്കും അടിയന്തര സഹായത്തിന് വിളിക്കണം.
യു.എ.ഇയിലും ജാഗ്രതാ മുന്നറിയിപ്പ്
യു.എ.ഇയിലും ഈദ് അവധിക്കിടെ മഴയുമെത്തി. ചൂടേറിയ കാലാവസ്ഥയ്ക്ക് മാറ്റംവന്നു. ഇന്നലെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, അല്‍ ഐന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് എന്‍.സി.എം അറിയിച്ചു. വടക്കന്‍ യു.എ.ഇയിലാകും ശക്തമായ മഴ ലഭിക്കുകയെന്നാണ് മെറ്റ്ബീറ്റിന്റെ പ്രവചനം. യു.എ.ഇയില്‍ അടുത്ത മൂന്നുദിവസം താപനിലയില്‍ കുറവുണ്ടാകും.
ഖത്തറിലും കനത്ത മഴ
ഖത്തറില്‍ ഞായര്‍ മുതല്‍ മഴ ശക്തമാകും. ഇന്നു മുതല്‍ ആകാശം മേഘാവൃതമാകും. ശനിയാഴ്ച തരായ്‌നയില്‍ ഏറ്റവും ഉയര്‍ന്ന താപനില 35 ഡിഗ്രിയായി വര്‍ധിച്ചിരുന്നു. ഇടിയോടെ ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒമാനിലും മഴ ശക്തമാകും
ഒമാനില്‍ അഞ്ചു ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. അല്‍ ദാഖിലിയ, അല്‍ ദാഖിറ, നോര്‍ത്ത്, സൗത്ത് ഷറഖിയകള്‍, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ്. 10 മുതല്‍ 30 എം.എം വരെ ഇടിയോടെ മഴയും കാറ്റും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
എല്ലാ മലയാളികൾക്കും ഐശ്വര്യത്തിൻ്റെയും Metbeat Weather ൻ്റെ വിഷു ആശംസകൾ.
പ്രവാസികൾ നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക.
FOLLOW US ON GOOGLE NEWS