മൂല്യ വർദ്ധിത കാർഷികോല്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കും; മുഖ്യമന്ത്രി

കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകത്തെ വിവിധ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികൾക്കു സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്കു ലോക വിപണിയിൽ വലിയ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘നാം മുന്നോട്ട്’ ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാർഷികോത്പന്നങ്ങളുടെ മൂല്യ വർധനയ്ക്കു പ്രാധാന്യം നൽകാനുള്ള നടപടികൾ കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കാകെയും ഉത്തേജനം പകരമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പലതരം മൂല്യവർധിത നാളികേര ഉത്പന്നങ്ങൾ കേരളത്തിനു പുറത്തുനിന്ന് ഇവിടേയ്ക്ക് എത്തുന്നുണ്ട്.

നാളികേരം പ്രധാന കാർഷികോത്പന്നമായ കേരളത്തിനും ഇതു സാധ്യമാണ്. മത്സ്യം പിടിക്കുക, കയറ്റുമതി ചെയ്യുക എന്നതു മാത്രമായിരുന്നു ഇതുവരെ നാം സ്വീകരിച്ചുവരുന്ന രീതി. മത്സ്യം സംസ്‌കരിച്ച് അയക്കുന്ന രീതിയാണു വിയറ്റ്നാമിലേത്. അതിനു വലിയ വിപണിയുമുണ്ട്. വിവിധതരം ഉത്പന്നങ്ങളുടെ ഇത്തരം സാധ്യതകൾ പരമാവധി ഉപയോഗിക്കുകയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാട്.
ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്കു കൂടുതലായി ആകർഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ ഇത്തരത്തിലൊരു സംസ്‌കാരം വളർന്നുവരുന്നുണ്ട്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഊർജിത നടപടികൾ 2016ൽ ആരംഭിച്ചിരുന്നു. ഇതു വലിയ വിജയമായി. പച്ചക്കറിയിൽ സ്വയംപര്യാപ്തതയാണു ലക്ഷ്യമെങ്കിലും രൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുംമൂലം ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിയിട്ടില്ല. എങ്കിലും ഈ മേഖലയിൽ നല്ല മാറ്റമുണ്ടാക്കാനായി. സംസ്ഥാനത്ത് റബർ കർഷകർക്കു പിന്തുണ നൽകാനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്.

റബർ ഉത്പന്നങ്ങൾ ഇവിടെത്തന്നെ പ്രോസസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ കമ്പനി ആരംഭിക്കുന്ന നടപടികൾക്കു തുടക്കമിട്ടുകഴിഞ്ഞു. റബർ സംസ്‌കരണ രംഗത്തു വലിയ പുരോഗതിയുണ്ടാക്കുന്നതാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം.പിയാണ് ‘നാം മുന്നോട്ടി’ന്റെ അവതാരകൻ. പത്മശ്രീ ചെറുവയൽ രാമൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പബ്ലിക് ഹെൽത്ത് മുൻ അഡീഷണൽ ഡയറക്ടർ ഡോ. എ.എസ്. പ്രദീപ് കുമാർ, മാലിന്യ സംസ്‌കരണ രംഗത്തെ വിദഗ്ധനായ ഡോ. സി.എൻ. മനോജ്, ചലച്ചിത്രതാരം അഡ്വ. ഷുക്കൂർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഇന്നു (മേയ് 07) മുതൽ സംസ്ഥാനത്തെ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment