ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ജിയോ ബാഗ് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കും

 
ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തീരദേശത്തെ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ജിയോ ബാഗ് കടല്‍ഭിത്തി ഉയരുന്നതോടെ മഴക്കാലത്ത് കടല്‍കയറുന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ ദുരിതം ഒഴിയുമെന്നാണ് കരുതുന്നത്. ടെട്രാപോഡ് കടല്‍ഭിത്തി പദ്ധതിയില്‍ ഉള്‍പ്പെടാത്ത മേഖലകളിലാണ് ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ ദുരന്തനിവാരണഫണ്ടില്‍ നിന്നും 14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂന്ന് വാര്‍ഡുകളിലായി 420 മീറ്റര്‍ നീളത്തില്‍ ജലവിഭവ വകുപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പഞ്ചായത്തിലെ മറ്റ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആശാ വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം നടത്തുന്നുണ്ട്. കുടുബശ്രീയുടെ സഹായത്തോടെ സ്‌ക്വാഡുകള്‍ രൂപീകരിച്ചും ക്യാമ്പയിന്‍ നടക്കുന്നുണ്ട്. നിലവില്‍ 24 ശതമാനം വീടുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ഓട, കാന വൃത്തിയാക്കല്‍, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്.

Leave a Comment