അമേരിക്കയിൽ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 32 ആയി. ക്രിസ്മസ് ദിനത്തിൽ വടക്കൻ യു.എസിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പുറത്തിറങ്ങാനായില്ല. കിഴക്കൻ യു.എസിലും മഞ്ഞുവീഴ്ചയും ശൈത്യവും രൂക്ഷമാണ്.
വീടുകളും വാഹനങ്ങളും മഞ്ഞുവീഴ്ചയിൽ പുതഞ്ഞു. പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫാലോ മേഖലയിൽ മഞ്ഞു വീഴ്ച മുലം രക്ഷാപ്രവർത്തനം പോലും തടസ്സപ്പെട്ടു. ഇവിടെ മൈനസ് ഡിഗ്രിയാണ് താപനില. ജനങ്ങൾ വീടുകളിൽ ചൂടുള്ള സ്ഥലത്ത് കഴിയണമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.യു.എസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ നാഷനൽ വെതർ സർവിസും 6 അടിയിലേറെ മഞ്ഞു പുതഞ്ഞ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. റോഡുകളിൽ വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞു പോയ ദൃശ്യങ്ങളും പുറത്തുവന്നു.
വില്ലനായി ഹിമക്കാറ്റ്
ക്രിസ്മസ് ദിനത്തിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ട് ലക്ഷത്തിലധികം പേർക്ക് വൈദ്യുതി മുടങ്ങി. അഞ്ചു ദിവസത്തോളം യു.എസിൽ മഞ്ഞുവീഴ്ച തുടരുകയും ഹിമക്കാറ്റ് ശക്തമാകുകയും ചെയ്തിരുന്നു. ഇതാണ് മഞ്ഞു വീഴ്ച ആറടിയോളം എത്തിച്ചത്. യു.എസിലെ 48 സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്. ഹിമക്കാറ്റിന് നേരിയ ശമനമുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്.
വിമാനങ്ങൾ റദ്ദാക്കി
ആയിരക്കണക്കിന് വിമാന സർവിസുകളും വിവിധ ദിവസങ്ങളിലായി റദ്ദാക്കി. ഞായറാഴ്ച 2,400 വിമാനങ്ങളും ശനിയാഴ്ച 3,500 സർവിസുകളും വെള്ളിയാഴ്ച 6000 വിമാന സർവിസുകളും റദ്ദാക്കി. ഷിക്കാഗോ, ഡെൻവർ, ഡിട്രോയിറ്റ്, ന്യൂയോർക്ക് എന്നീ വിമാനതാവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. ഏറ്റവും തിരക്കുള്ള റോഡുകളും അടച്ചിട്ടു. യു.എസിൽ മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥാ ഏജൻസിയായി നാഷനൽ വെതർ സർവിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
