യൂറോപ്പില്‍ കനത്ത മഴ, മഞ്ഞുവീഴ്ച പ്രളയം; ബ്രിട്ടനില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നു
കനത്ത മഴയെ തുടര്‍ന്ന് ബ്രിട്ടനില്‍ നദികള്‍ കരകവിഞ്ഞ് പ്രളയം. വെള്ളിയാഴ്ചയാണ് ബ്രിട്ടനില്‍ പേമാരിയുണ്ടായത്. തുടര്‍ന്ന് പ്രധാന നദികള്‍ കരകവിയുകയായിരുന്നു. 300 പ്രളയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 1000 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ആഴ്ചയും ബ്രിട്ടനില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ പെയ്തിരുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് മഴ കനത്ത നാശനഷ്ടം വിതച്ചത്. മധ്യ ഇംഗ്ലണ്ടിലാണ് പ്രധാനമായും പ്രളയം ബാധിച്ചത്. വ്യാഴാഴ്ച 50 പേരെ രക്ഷപ്പെടുത്തിയതായി ലണ്ടന്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചു. കനാല്‍ കരകവിഞ്ഞ് വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇവര്‍.
തങ്ങള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും രാജ്യത്ത് കനത്ത മഴ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും പരിസ്ഥിതി ഏജന്‍സിയിലെ ഫ്‌ളഡ് മാനേജ്‌മെന്റ് ഡയരക്ടര്‍ ഇന്‍ചാര്‍ജ് കരോലിന്‍ ഡോഗ്ലാസ് പറഞ്ഞു. ഗ്രേറ്റ് വെസ്്‌റ്റേണ്‍ റെയില്‍വേ ഗതാഗതം നിര്‍ത്തിവച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ മൂന്നു ലൈനുകളിലെ സര്‍വിസുകളാണ് നിര്‍ത്തിവച്ചത്. വെള്ളിയാഴ്ചയും കൂടുതല്‍ മഴ സാധ്യത കാലാവസ്ഥാ ഏജന്‍സിയായ മെറ്റ് ഓഫിസ് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായതിനേക്കാള്‍ ശക്തിയുണ്ടാകില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥയും ഉണ്ടാകും.
ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയായി യൂറോപ്പില്‍ പലയിടത്തായി മഴയും പ്രളയവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഫ്രാന്‍സില്‍ പ്രളയത്തില്‍ ഒരാള്‍ മരിച്ചു.
ആര്‍ട്ടിക് സ്വീഡനില്‍ 4000 വീടുകളില്‍ വൈദ്യുതി മുടങ്ങി. മൈനസ് 38 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് സ്വീഡിഷ് പബ്ലിക് റേഡിയോ അറിയിച്ചു. സ്വീഡന്റെ തെക്കന്‍ മേഖലയായ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടത് ശീതകാലത്ത് പ്രതിസന്ധിയായി. ഡെന്‍മാര്‍ക്കില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം പൊലിസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.