UAE Weather 21/03/24: യു.എ.ഇയില്‍ ഞായര്‍ മുതല്‍ വീണ്ടും ശക്തമായ മഴ സാധ്യത
ഒരു ഇടവേള്ക്കു ശേഷം യു.എ.ഇയില്‍ ഞായര്‍ മുതല്‍ വീണ്ടും കനത്ത മഴ സാധ്യത. ഞായര്‍ മുതല്‍ ചൊവ്വ വരെ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് താപനിലയിലും കുറവുണ്ടാകും.
മഴക്കൊപ്പം ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ വീണും മറ്റുമുള്ള അപകടം കരുതിയിരിക്കണം. തെക്കു കിഴക്കു ഭാഗത്തുനിന്ന് വീശിയടിക്കുന്ന കാറ്റ് വടക്കു കിഴക്ക് ദിശയിലേക്കും വടക്കുപടിഞ്ഞാറ് ദിശയിലേക്കും വ്യാപിക്കും. ചില മേഖലളില്‍ മണല്‍ക്കാറ്റുമുണ്ടാകും. പൊടിപടലങ്ങള്‍ ദൃശ്യപരത കുറയ്ക്കും.
ദൃശ്യപരിധി കുറയുന്നത് സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കും. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അബുദബിയില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.
ദൂരക്കാഴ്ച കുറയുന്നത് വിമാന ഗതാഗതത്തെയും ബാധിച്ചേക്കും. വിമാന്ങ്ങളുടെ സമയമാറ്റം എയര്‍പോര്‍ട്ടിലെത്തും മുന്‍പ് ശ്രദ്ധിക്കണം. റോഡില്‍ ഇലക്ട്രോണിക് സൈന്‍ബോര്‍ഡുകളിലെ വേഗപരിധി നിയന്ത്രണ മാറ്റവും ശ്രദ്ധിക്കണം. അതതു എയര്‍ലൈനുകളുമായി യാത്രക്ക് മുന്‍പ് സമയമാറ്റം ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.