uae weather 25-11-23 : ദുബൈയിലും ഒമാനിലും കനത്ത മഴ, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
ഒമാനിലെ ന്യൂനമര്‍ദ പാത്തിയെ തുടര്‍ന്ന് ഒമാനിലും യു.എ.ഇയിലും ശക്തമായ മഴ. ദുബൈ ഉള്‍പ്പെടെ യു.എ.ഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. യു.എ.ഇയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ ശക്തമായിരുന്നു. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രവും പ്രവചിച്ചിരുന്നു.
ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ കനത്ത മഴയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ പോസ്റ്റ് ചെയ്തു. ഇടിമിന്നലോടെയും ശക്തമായ കാറ്റോടൊയുമായിരുന്നു മഴ. മഴയെ തുടര്‍ന്ന് റോഡുകളിലും മറ്റും വെള്ളംകയറി. പുറത്ത് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. രാജ്യത്ത് ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മഞ്ഞ അലര്‍ട്ടും നല്‍കിയിരുന്നു.
വടക്കു കിഴക്കന്‍ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ മഴയും പ്രാദേശിക വെള്ളക്കെട്ടുകളും വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്. ഇത്തരം പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത മേഖലയിലേക്ക് ഒഴിഞ്ഞു പോകാനും നിര്‍ദേശമുണ്ടായിരുന്നു.
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശം ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ വരുമെന്നും വേഗതയ്ക്ക് മാറ്റം വരുത്താനും അബൂദബി പൊലിസ് അറിയിച്ചു.
ദുബൈ നഗരത്തിലെ വെള്ളക്കെട്ടിലൂടെ ചെറു ബോട്ടില്‍ തുഴഞ്ഞുപോകുന്നയാളുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കടല്‍ത്തീരങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷിത മേഖലയിലേക്ക് ഒഴിഞ്ഞു പോകാനും നിര്‍ദേശം നല്‍കി.
ദുബൈയില്‍ കൂടുതല്‍ മഴക്ക് സാധ്യതയുള്ളതിനാല്‍ റോഡിലെ വെള്ളക്കെട്ടുകള്‍ വറ്റിക്കാനുള്ള സംവിധാനം ഒരുക്കിയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുള്ളപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ജോലി ക്രമീകരിക്കാന്‍ സ്വകാര്യ മേഖലയോട് നിര്‍ദേശിച്ചു.
ഒമാനില്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഖസാബ് വിലായത്തില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. മുസന്ദം ഗവര്‍ണറേറ്റിലെ മഴ മേഘങ്ങള്‍ റഡാറില്‍ ദൃശ്യമാണ്. ഇടിയോടുകൂടെയാണ് ഇവിടെ ശക്തമായ മഴ പെയ്യുക. ദൃശ്യപരത കുറയുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കി.
രാവിലെ അറബിക്കടല്‍ തീരത്തും അല്‍ ദാഖിലിയ മേഖലയിലും മഞ്ഞും റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബുറൈമി, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലും പൊടിക്കാറ്റിനും മഴക്കും സാധ്യത. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും പൊടിക്കാറ്റിന് സാധ്യത.