uae heavy rain: 4 ദിവസം കൊണ്ട് പെയ്തത് 6 മാസത്തെ മഴ, റോഡുകളിൽ നമ്പർ പ്ലേറ്റുകൾ
യു.എ.ഇയിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴക്ക് ശേഷം പ്രദേശവാസികളുടെ ദുരിതം തീരുന്നില്ല. വിവിധ എമിറ്റുകളിലെ നഗരത്തിൻ്റെ പല ഭാഗത്തെയും വെള്ളക്കെട്ടുകൾ മാറി സാധാരണ നിലയിൽ എത്തി തുടങ്ങി. പലയിടത്തും കെട്ടിടങ്ങളുടെയും ലിഫ്റ്റുകൾ കേടായതോടെ ദിവസവും 2,000 അടി വരെ പടി കയറേണ്ട അവസ്ഥയാണെന്ന് പ്രവാസികൾ പറയുന്നു.
അതിനിടെ, വെള്ളക്കെട്ടുകളിൽ നിന്ന് കാണാതായ കാറുകളുടെ നമ്പർ പ്ലേറ്റുകൾ കൂട്ടത്തോടെ റോഡിൻ്റെ അരികിലും മറ്റുമായി പ്രദർശിപ്പിച്ചു. നിരവധി വാഹനങ്ങൾ ഒഴുക്കിൽ പെട്ടിരുന്നു. ജമാൽ അബ്ദുൽ നാസർ തെരുവിലും പുൽത്തകിടിയിൽ കാർ നമ്പർ പ്ലേറ്റുകൾ കാണാം.
തങ്ങളുടെ കാണാതായ കാറുകളുടെ പ്ലേറ്റുകൾ ഇത്തരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ നിരവധി പേർ എത്തി. മുട്ടോളം വെള്ളത്തിൽ ഡ്രൈവ് ചെയ്തവരുടെ വാഹനങ്ങൾ ആണ് നഷ്ടമായത്. നേപ്പാളി സ്വദേശി രാജു കുമാലിൻ്റെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് അദ്ദേഹത്തിന് ഇതുപോലെ ലഭിച്ചു.
അബ്ദുൽ നാസർ സ്ട്രീറ്റിൽ ഇന്നലെയും പലയിടത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ട്രക്ക് ഗതാഗതം മാത്രമാണ് ഇതിലൂടെ നടക്കുന്നത്. യു.എ.ഇയിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് 3000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കൂടാതെ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
UAE യിൽ പ്രസന്നമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ജാഗ്രതാ നിർദ്ദേശം അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥ അറിയിച്ചു. നാലു ദിവസം കൊണ്ട് യു.എ.ഇയിൽ ലഭിച്ചത് 6 മാസത്തെ മഴയാണ്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ( NCM) റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 7.8 സെ.മി മഴയാണ് ഇവിടെ ലഭിച്ചത്. ഷാർജയിലെ അൽ ഫാർഫറിൽ 7.7 സെ.മി മഴ രേഖപ്പെടുത്തി.
യു.എ.ഇയിൽ 100 എം.എം ശരാശരി മഴയാണ് വർഷത്തിൽ ലഭിക്കേണ്ടത്. ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നലെയും ഓൺലൈൻ ക്ലാസുകളാണ് നടന്നത്. സ്കൂൾ, കോളജ്, നഴ്സറി എന്നിവയ്ക്കാണ് ഓൺലൈൻ ക്ലാസുകൾ നടത്തിയത്.