അഷറഫ് ചേരാപുരം
ദുബൈ: തണുപ്പിന്റെ കരിമ്പടത്തിനുള്ളില്‍ മഴയുടെ തുടിമുട്ടല്‍. യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ ലഭിച്ചു. ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണ് ദുബൈ, അബൂദബി, ഷാര്‍ജ എമിറേറ്റുകളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. മഴ ശക്തമായതോടെ വിവിധ സ്ഥലങ്ങളില്‍ റോഡുകളിലടക്കം വെള്ളം നിറഞ്ഞു.
ഞായറാഴ്ചയും വെള്ളക്കെട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ചയായി. വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുബൈയില്‍ പെയ്ത കനത്ത മഴയുടെ ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ബര്‍ദുബൈ, ദേര, ജുമൈറ, അല്‍ഖൂസ്, ജബല്‍ അലി, ഇന്റര്‍നാഷനല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.