ഉത്തരേന്ത്യ അതി ശൈത്യത്തിൽ: ഡൽഹിയിൽ 2.2 ഡിഗ്രിയായി

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായ 2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയും ശരാശരിയേക്കാൾ അഞ്ച് ഡിഗ്രി കുറവുമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമവാതത്തെ തുടർന്ന് ഉത്തരേന്ത്യയിൽ അതിശൈത്യം വരാനിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 5.30ന് 25 മീറ്ററായിരുന്നു ദൃശ്യപരത. മൂടൽമഞ്ഞ് കാരണം 36 ട്രെയിനുകൾ ഒന്നു മുതൽ ഏഴു മണിക്കൂർ വരെ വൈകിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത നാലു ദിവസം കൂടി അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു.

Leave a Comment