കോഴിക്കോട് തിരുവമ്പാടിയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ചുപേർ അപകടത്തിൽപ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. കോഴിക്കോട് മാങ്കാവിൽ നിന്നുള്ള 14 പേരടങ്ങുന്ന വിനോദസഞ്ചാരികൾ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സംഘത്തിലെ അഞ്ച് പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്.
മരിച്ചത് 8, 9 ക്ലാസ് വിദ്യാർത്ഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ്. ബഹളം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് മൂന്നുപേരെ രക്ഷിച്ചത്. രക്ഷപ്പെട്ടവർ പറഞ്ഞതിനനുസരിച്ച് കുട്ടികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടികൾ രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുകയാണെങ്കിലും കിഴക്കൻ മേഖലയുടെ വനപ്രദേശങ്ങളിൽ മഴ സാധ്യത നേരത്തെ മെറ്റ് ബീറ്റ് വെതർ പറഞ്ഞിരുന്നു. വനത്തിൽ പെയ്ത മഴയിൽ ഉണ്ടായ മഴവെള്ളപ്പാച്ചിലാവാം അരുവികളിലും വെള്ളച്ചാട്ടങ്ങളിലും എല്ലാം വെള്ളത്തിന്റെ ശക്തി വർധിപ്പിച്ചത്.ഇപ്പോൾ പെയ്യുന്ന വേനൽ മഴയോട് അനുബന്ധിച്ച് കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതിനാൽ മലയോരമേഖലകളിലെ അരുവികൾ, തോടുകൾ ഇവിടെയൊക്കെ ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലോ വെള്ളം വറ്റി നിക്കുന്ന അരുവികൾ ആണെങ്കിലും പെട്ടെന്ന് ആയിരിക്കും മലവെള്ളപ്പാച്ചിൽ വന്ന് വെള്ളം നിറയുക. അതിനാൽ വിനോദസഞ്ചാരികൾ ഇത്തരം പ്രദേശങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രതപാലിക്കുക.