അറബി കടലിലും ബംഗാൾ ഉൾക്കടലിലും ഇന്നലെ രാത്രി വൈകി ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടു. കേരളത്തിൽ അടുത്തദിവസം മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞദിവസം Metbeat Weather നിരീക്ഷിച്ചിരുന്നു.
അറബിക്കടലിൽ ന്യൂനമർദം
അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമാന്തരമായി മധ്യ കിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 99 A എന്നു പേരിട്ട ഈ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 160 കിലോമീറ്റർ അകലെയും ഗോവയിൽ നിന്ന് 170 കിലോമീറ്റർ അകലെയുമാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴക്ക് ന്യൂനമർദ്ദങ്ങൾ കാരണമാകും എന്നാണ് നിരീക്ഷകരുടെ അനുമാനം. അറബിക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ആയേക്കും. തുടർന്ന് ഇത് കരകയറുമോ എന്ന് നിരീക്ഷിക്കണം. കരകയറിയാൽ കർണാടകക്ക് മുകളിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് പോകാനാണ് സാധ്യത.
ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ മ്യാൻമർ തീരത്തിന് സമീപത്ത് രൂപപ്പെട്ട ചക്രവാഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറി. ഈ സിസ്റ്റം ഇന്ന് ന്യൂനമർദ്ദം ആകുമെന്ന് ഇന്നലെ രാത്രിയിലെ അപ്ഡേഷനിൽ പറഞ്ഞിരുന്നു. മധ്യ , കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഈ ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ സിസ്റ്റവും അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ടേക്കാം. തുടർന്ന് ഒഡീഷ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കും.
കേരളത്തിൽ മഴ കനക്കും
ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് മഴ ശക്തമായി തുടരും . ബുധനാഴ്ച രാത്രി മുതൽ കേരളത്തിൽ വീണ്ടും മഴ തിരികെ എത്തുമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. ഒക്ടോബർ 5 വരെയെങ്കിലും കേരളത്തിൻറെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. അറബി കടലിലെ ന്യൂനമർദ്ദവും ബംഗാൾക്കടിലെ ന്യൂനമർദ്ദവും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂട്ടും.
ഒരേ സമയം അറബികടലിലും ബംഗാൾ ഉൾകടലിലും രൂപം കൊള്ളുന്ന ന്യൂനമർദങ്ങൾ അതിശക്തമായ മഴക്ക് കാരണമായേക്കും. കേരളത്തിന്റെ ഇരുവശവും ന്യൂന മർദത്തിന്റെ സ്വാധീനം ഉണ്ടായേക്കും.
കിഴക്കൻ മേഖലയിൽ ജാഗ്രത
പെട്ടെന്ന് ശക്തമായ മഴക്കും മഴവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. അരുവികളിലും തോട്ടിലും പുഴയിലും ഇറങ്ങി കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്. ഏതുനിമിഷവും മലവെള്ളപ്പാച്ചിൽ സാധ്യത ഉള്ളതിനാലാണ് ഇത്.
മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രയും വിനോദസഞ്ചാരവും നിർത്തിവെക്കുന്നതാണ് സുരക്ഷിതം. അത്തരം പ്രദേശങ്ങളിൽ പോകുന്നവർ അന്നാട്ടിലെ ജനങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
മലയോരമേഖലയിൽ തീവ്രമഴക്കും സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും Metbeat Weather സ്ഥാപകൻ weatherman kerala പറഞ്ഞു.
കാലവർഷം വിടവാങ്ങൽ അനുകൂലം
തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ വിടവാങ്ങൽ വടക്കുപടിഞ്ഞാറ് സംസ്ഥാനങ്ങളിൽ നിന്ന് പുരോഗമിക്കും. ഇപ്പോൾ രാജസ്ഥാനിൽ നിന്നാണ് വിടവാങ്ങാൻ തുടങ്ങിയത് ഇത് രാജസ്ഥാനിലെ മറ്റു ഭാഗങ്ങളിലേക്ക് രണ്ടുദിവസത്തിനകം വ്യാപിക്കും. കേരളത്തിൽ സാധാരണയായി കാലവർഷം വിടവാങ്ങേണ്ടത് സെപ്റ്റംബർ 30നാണ് ഇത് രണ്ടാഴ്ച കൂടി നീളാനുള്ള സാധ്യതയുണ്ട്.
ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഒക്ടോബർ രണ്ടാം വാരത്തോടെയേ കേരളത്തിൽ കാലവർഷം വിടവാങ്ങാൻ സാധ്യതയുള്ളൂ. തുടർന്ന് ഒക്ടോബർ 20 തുലാവർഷവും ലഭിച്ചു തുടങ്ങും.
© Metbeat Weather