ഈമാസം 6 ന് ശക്തമായ ഭൂചലനങ്ങളുണ്ടായ തുർക്കിയിൽ ഇതുവരെയുണ്ടായത് 3,858 തുടർ ചലനങ്ങൾ. തുർക്കി ഡിസാസ്റ്റർ ആന്റ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി (എ.എഫ്.എ.ഡി) യാണ് ഇക്കാര്യം അറിയിച്ചത്. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 41,000 മരണം സ്ഥിരികരിച്ചു. 35,418 പേർ തുർക്കിയിലും 5,800 പേർ സിറിയയിലും മരിച്ചെന്നാണ് യു.എൻ കണക്ക്.
220 മണിക്കൂറിനു ശേഷവും രണ്ടു സ്ത്രീകളെ രക്ഷിക്കാനായതിനെ തുടർന്ന് തെരച്ചിൽ തുടരാനാണ് തീരുമാനം. 9 ദിവസത്തിനു ശേഷം 42 കാരിയെയും 77 കാരിയെയുമാണ് രക്ഷപ്പെടുത്തിയത്. ഇത്രയും ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ ജീവനോടെ കഴിയുന്നത് അപൂർവമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മെലികെ ഇമോമൊഗ്ലു (42), ഫത്മ ഗുൻഗോർ (77) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡിലെ സ്‌നിഫർ ഡോഗുകളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാസേനയ്ക്ക് കാണിച്ചു കൊടുക്കുന്നത്. നായകൾ കാണിച്ചു കൊടുക്കുന്ന സ്ഥലം മാത്രം ബ്രേക്കറുകളും കോൺക്രീറ്റ് കട്ടറുകളും ഉപയോഗിച്ച് തുരന്നാണ് പരുക്കേറ്റവരെ പുറത്തെടുക്കുന്നത്. സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് തുർക്കിയിൽ നടക്കുന്നത്.
ഇതുവരെ 8000ത്തിലധികം പേരെ രക്ഷപ്പെടുത്താനായെന്നും 8000 ത്തിലധികം വിദേശ സേന ഉൾപ്പെടെയുള്ളവരോട് നന്ദി പറയുന്നതായും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. തെർമൽ കാമറകളും, സൗണ്ട് ഡിറ്റക്ടിങ് ഡിവൈസുകളും രക്ഷാപ്രവർത്തകർ സിനിഫർ ഡോഗുകൾക്കൊപ്പം ഉപയോഗിക്കുന്നുണ്ട്.
തുർക്കിയിൽ ഭൂചലനത്തിൽ തകർന്നത് 50,576 കെട്ടിടങ്ങളെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നത്. 3.78 ലക്ഷം കെട്ടിടങ്ങൾ ഭൂചലനമുണ്ടായ 10 പ്രവിശ്യകളിൽ അധികൃതർ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഗസിന്ദപിൽ 12,000 ഉം ഹതായിൽ 10,911 ഉം കഹറമൻമറാസിൽ 10,777 കെട്ടിടങ്ങളും പൂർണമായി പൊളിച്ചു പണിയും. ഭാഗികമായി തകർന്ന കെട്ടിടങ്ങളിൽ താമസിക്കരുതെന്നും അവ പൂർണമായും ഇടിച്ചു നിരത്തി പുതിയത് നിർമിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
സിറിയയിൽ 50 ലക്ഷം പേർക്ക് വീടുനഷ്ടപ്പെട്ടെന്ന് യു.എൻ പറഞ്ഞു. 397 ദശലക്ഷം ഡോളറിന്റെ സഹായം യു.എൻ തേടിയിട്ടുണ്ട്. സിറിയയിലും തുർക്കിയിലുമായി 3,000 താൽക്കാലിക വീടുകൾ നിർമിച്ചു നൽകുമെന്ന് സൗദി അറേബ്യ പറഞ്ഞു. സൽമാൻ രാജാവിന്റെ ദുരിതാശ്വാസ ഏജൻസിയായ King Salman Humanitarian Aid and Relief Center ആണ് ഇക്കാര്യം അറിയിച്ചത്.
ഡച്ച് ശ്വാനസേനയിലെ നായ തുർക്കിയിലെ ഹതായ് മേഖലയിൽ നിന്ന് നാലു പേരെ രക്ഷപ്പെടുത്തി. മൂന്നു പുരുഷന്മാരെയും ഒരു കുട്ടിയെയുംമാണ് ഡച്ച് രക്ഷാ ഡോഗ് ടീം RHWW പറഞ്ഞു. സിറിയയിൽ യു.എന്നിന്റെ ദുരിതാശ്വാസ സംഘം സഹായമെത്തിച്ചു. തുർക്കി അതിർത്തിവഴിയാണ് ഉപരോധമുള്ള സിറിയയിൽ യു.എൻ സംഘം എത്തിയത്. ദുരന്തപ്രദേശത്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സന്ദർശനം നടത്തി. തുർക്കി പ്രസിഡന്റ് ഉർദുഗാൻ അദ്ദേഹത്തെ തലസ്ഥാനമായ അങ്കാറയിൽ സ്വീകരിച്ചു.