ഇന്ന് ലോക ഡെങ്കിപ്പനി ദിനം ; കാലവർഷത്തിനു മുന്നേ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാം

മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്ന് വിളിക്കുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും മഴക്കാലാരോഗങ്ങൾക്ക് ഒരു പ്രധാന കാരണം ആകുന്നു. 

സംസ്ഥാനത്ത് വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ അതിജാഗ്രത നിർദേശം. ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം.

എന്താണ് ഡെങ്കിപനി?

ഫ്‌ളാവി വൈറസ് ഗ്രൂപ്പില്‍പെട്ട ഡെങ്കി വൈറസ് ആണ് ഈ പനിയുടെ കാരണം. വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. “Aedes” വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ പനി പരത്തുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍, വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള ഒരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തിലേയ്ക്കും കലര്‍ന്ന് അസുഖമുണ്ടാകുകയും ചെയ്യുന്നു.

എന്താണ് ഡെങ്കിപനിയുടെ ലക്ഷണങ്ങള്‍?

പെട്ടെന്നുള്ള ശക്തിയായ പനി, തലവേദന, കണ്ണുകളുടെ പുറകിലുള്ള വേദന, തീവ്രമായ അസ്ഥി, സന്ധി, പേശി വേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അമിത ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. 2-5 ദിവസത്തിനുള്ളില്‍ തൊലിപ്പുറത്ത് ചുമന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

എങ്ങനെ ചികിത്സിക്കാം?

ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ നന്നായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പനിയ്ക്കും ശരീരവേദനയ്ക്കും പാരസെറ്റമോള്‍ കഴിക്കുകയും ചെയ്യുക. ശക്തിയായ വേദനസംഹാരികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പനിമാറിയ ശേഷമാണ് സാധാരണ ഗതിയില്‍ പ്ലേറ്റ്‌ലറ്റ് കണങ്ങള്‍ കുറഞ്ഞു തുടങ്ങുന്നത്. അതുകൊണ്ട് വിശ്രമം വളരെ പ്രധാനപ്പെട്ടതാണ്. ശക്തിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക.

എങ്ങനെ പ്രതിരോധിക്കാം?

കൊതുകുകളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മഴക്കാലമായാൽ വെള്ളം കെട്ടികിടക്കുന്ന, ചിരട്ടകള്‍, ചെടിച്ചട്ടികള്‍, ടയറുകള്‍, ടാങ്കുകള്‍ എന്നിവ ഒഴിവാക്കുക.ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.

കൊതുകു നിവാരണ മരുന്നുകള്‍ അധികാരികളുമായി ബന്ധപ്പെട്ട് സ്‌പ്രേ ചെയ്യുക. കൊതു കുവല ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുതിര്‍ന്ന ആളുകള്‍ക്ക് Mosquito repellant cream ഉപയോഗിക്കാവുന്നതാണ്.

Leave a Comment