തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി തുടരുന്നതും തെക്കൻ ഉൾനാടൻ കർണാടകയ്ക്ക് മുകളിൽ കാറ്റിന്റെ ശക്തമായ അഭിസരണം നടക്കാൻ സാധ്യത ഉള്ളതിനാലും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും ഇടനാട്ടിലും തമിഴ്നാട്ടിലും അടുത്ത 2 ദിവസം കൂടി ഇടിയോടെ മഴ തുടരും. മൺസൂൺ ബ്രേക്ക് സീസൺ തുടരുന്നതാണ് കേരളത്തിൽ ഇടിയോടെ മഴക്ക് കാരണം. മൺസൂൺ മഴ പാത്തിയുടെ കിഴക്കൻ അഗ്രം ഹിമാലയൻ മേഖലയോട് അടുത്തു നിലകൊള്ളുകയാണ്. പടിഞ്ഞാറേ അഗ്രം കൂടുതൽ വടക്കോട്ട് നീങ്ങി. മൺസൂൺ ബ്രേക്ക് തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ഇടിയോടു കൂടെയുള്ള മഴ മല വെള്ളപാച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കിയേക്കും.
അതിനാൽ മലയോര മേഖലയിൽ ജാഗ്രത പുലർത്താം. തമിഴ്നാട്ടിലും ശക്തമായ മഴ തുടരും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിക്കും.