കോഴിക്കോടും കാസർകോടും സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മുങ്ങിമരിച്ചു

നാദാപുരം കൊയിലോത്തുംപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മാമുണ്ടേരി സ്വദേശി സഹൽ (14) ആണ് മരിച്ചത്. സഹലിനൊപ്പം ഒഴുക്കിൽപ്പെട്ട അജ്മലിനെ ഉടനെ തന്നെ നാട്ടുകാർ പുറത്തെടുത്ത് കല്ലാച്ചി യിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അജ്മലിനെ വടകര സിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് സഹലിന്റെ മൃതദേഹം കണ്ടെടുത്തത്. ഇന്ന് ഉച്ചകഴിഞ്ഞ് 13 ഓളം കുട്ടികൾ ഇവിടെ കുളിക്കാൻ എത്തിയിരുന്നു. ഇതിൽപ്പെട്ട രണ്ടുപേരാണ് കയത്തിൽ മുങ്ങിയത്. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കാസർകോട് പെരുന്നാൾ ആഘോഷത്തിന് എത്തിയ രണ്ട് സഹോദരങ്ങൾ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു. മൊഗ്രാൽ കൊപ്പളം പള്ളിക്കുളത്തിൽ ശനി ഉച്ചയോടെയാണ് സംഭവം.  ഹൊസങ്കടി കടമ്പാർ മജിവയലിലെ അബ്ദുൽ ഖാദറിന്റെയും – നബീസയുടെയും മക്കളായ നവാൽ റഹ്‌മാൻ (22), നാസിൽ (15) എന്നിവരാണ് മരിച്ചത്. കുളത്തിലെ ചെളിയിൽ പൂണ്ടാണ് രണ്ടുപേരും മരിച്ചത്. ഇവരുടെ കൂടെ ബന്ധുക്കളായ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. തൊട്ടടുത്ത് റെയിൽ പാളത്തിലൂടെ നടന്നുപോവുകയായിരുന്ന മറ്റ് കുട്ടികളാണ് ഇവരുടെ ബഹളം കേട്ട്‌ നാട്ടുകാരെ വിവരം അറിയിച്ചത്.  ഓടിക്കൂടിയവർ കുളത്തിൽ നിന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കുമ്പള അക്കാഡമിയിൽ ഡിഗ്രി വിദ്യാർഥിയാണ് നവാൽ. നാസിൽ കടമ്പാർ സ്‌കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞു. സഹോദരൻ: നിഹാൽ. പിതാവ് അബ്ദുൽ ഖാദർ നേരത്തെ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. പെരുന്നാൾ ആഘോഷത്തിന് ഉപ്പുപ്പായുടെ വീട്ടിലെത്തിയതായിരുന്നു ഇവർ.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment