തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന ; കാരണം അറിയാം

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധന

സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മുന്നേറുകയാണ് പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധന. മൂന്നിരട്ടിയോളം വില വർദ്ധനവാണ് പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായത്. തക്കാളി, ഉള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ മുതൽ ഗോതമ്പ് മറ്റ് ധാന്യങ്ങൾ തുവരപ്പരിപ്പ്, തേയില, പഞ്ചസാര, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നതായി ഉപഭോക്തകൃത ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. പ്രധാനമായും തക്കാളിക്ക് വില അഞ്ചിരട്ടി ആയത് സാധാരണക്കാരെ വലക്കുകയാണ്. കിലോയ്ക്ക് 60 മുതൽ 100 രൂപ വരെയാണ് രാജ്യത്തുടനീളം തക്കാളിക്ക് വില.

എന്തുകൊണ്ടാണ് തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില വർദ്ധിക്കുന്നത്?

കാലാവസ്ഥാ വ്യതിയാനത്തിന് കാർഷിക ഉൽപാദനക്ഷമതയെ സാരമായി സ്വാധീനിക്കാൻ കഴിയും. കനത്ത ചൂടും കീടങ്ങളുടെ ആക്രമണവും കൃഷിയെ ബാധിച്ചു. ഇതിന് ശേഷം ഉത്തരേന്ത്യയിൽ ഉണ്ടായ കനത്ത മഴയും കാർഷിക ഉത്പന്നങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. ജൂണ് 26 ന് വിപണികളിലുടനീളം തക്കാളിയുടെ ശരാശരി വില ക്വിന്റലിന് 4,011 രൂപയായിരുന്നു. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാള്‍ 66 ശതമാനം കൂടുതലാണ്. മൺസൂൺ തുടങ്ങിയതിന് ശേഷമാണ് തക്കാളിക്കും മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കും വില കൂടിയത്

എൽ നിന്നോ പ്രതിഭാസവും കൃഷിയും

കിഴക്കൻ പസഫിക് സമുദ്രത്തിൽ അസാധാരണമായി താപനില ഉയരുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയും വിലക്കയറ്റത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്.കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന എൽ നിനോ വർഷമാണ് ഇതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള സീസണൽ ഘടകങ്ങളാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഇത് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെയാണ് ബാധിക്കുന്നത്.മൊത്ത വിപണിയിലും ചില്ലറ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. പച്ചക്കറിയുടെ ലഭ്യതക്കുറവും വ്യാപാരികൾ എടുത്തുപറയുന്നു.കാലാവസ്ഥാ വ്യതിയാനം കാർഷികോൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചാൽ, ഇന്ത്യയിലെ ഉപജീവനവും ഭക്ഷ്യസുരക്ഷയും അപകടത്തിലാകും. കാരണം ഇന്ത്യയിലെ ഉപജീവന വ്യവസ്ഥ കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്.


മോശം കാലാവസ്ഥ : മത്സ്യബന്ധനത്തിന്  വിലക്ക്

Leave a Comment