ജൂലൈയിൽ കേരളത്തിൽ ചിലയിടത്ത് സാധാരണയിൽ കൂടുതൽ മഴ സാധ്യത, ജൂണിൽ 72 തീവ്രമഴ, 377 അതിശക്തമായ മഴ

ജൂലൈയിൽ കേരളത്തിൽ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department (IMD) ന്റെ പ്രവചനം. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലുമാണ് ജൂലൈയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുക. അതേസമയം, തെക്കൻ ജില്ലകളിലും ഇടുക്കിയുൾപ്പെടെയുള്ള കിഴക്കൻ മേഖലയിലും മഴ സാധാരണ തോതിലാകും ലഭിക്കുക. രാജ്യത്ത് ജൂലൈയിൽ മഴ സാധാരണ തോതിൽ ലഭിക്കുമെന്നാണ് ഐ.എം.ഡി പ്രവചനം. ദീർഘകാല ശരാശരി (Long Period Avarage – LPA) യുടെ 94 മുതൽ 106 ശതമാനം മഴയാണ് സാധാരണ മഴ. ജൂലൈയിൽ ഇത്രയും മഴ ലഭിക്കുമെന്നാണ് പ്രവചനം.

ജൂണിൽ രാജ്യത്ത് 10 ശതമാനം മഴക്കുറവ്

ഇന്ത്യയിൽ ജൂണിൽ ദേശീയ അടിസ്ഥാനത്തിൽ 10 ശതമാനം മഴ കുറഞ്ഞു. ജൂണിൽ 165.3 എം.എം മഴയാണ് ദേശീയതലത്തിൽ ലഭിക്കേണ്ടത്. എന്നാൽ 148.6 എം.എം മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് ദക്ഷിണേന്ത്യയിലാണ്. ഇതിൽ കൂടുതൽ കേരളത്തിലും. കേരളത്തിൽ 60 ശതമാനം മഴക്കുറവും കർണാടകയിൽ 53 ശതമാനം മഴക്കുറവും മഹാരാഷ്ട്രയിൽ 46 % മഴക്കുറവും രേഖപ്പെടുത്തി.

72 തീവ്രമഴ, 377 അതിശക്തമായ മഴ
ജൂണിൽ ഇന്ത്യയിൽ 72 തീവ്രമഴ രേഖപ്പെടുത്തി. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് തീവ്രമഴ എന്നു പറയുന്നത്. ജൂണിൽ 377 അതിശക്തമായ മഴയും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 115.6 മുതൽ 204.5 മില്ലി മീറ്റർ മഴ ലഭിക്കുമ്പോഴാണ് അതിശക്തമായ മഴയായി കണക്കാക്കുക.

Leave a Comment