സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. നിംഗളു സോളാര്‍ എക്ലിപ്സ് എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഏപ്രില്‍ 20ന് ആണ് ദൃശ്യമാകുക. ഈ വര്‍ഷത്തെ സൂര്യഗ്രഹണം വൈശാഖ അമാവാസി ദിനത്തിലാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരു സങ്കര സൂര്യഗ്രഹണമാണ് ( ഹൈബ്രിഡ് ) ഇത്തവണയുണ്ടാകുക. ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണവും ചിലയിടങ്ങളിൽ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്നതിനെയാണ് സങ്കര സൂര്യഗ്രഹണം എന്ന് പറയുന്നത്.
ഓസ്ട്രേലിയന്‍ തീരപ്രദേശമായ നിംഗളുവിന്റെ പേരില്‍ നിന്നാണ് സൂര്യഗ്രഹണത്തിന് ‘നിംഗളു എന്ന പേര് ഉത്ഭവിച്ചത്. 2023ലെ സൂര്യഗ്രഹണം വളരെ കുറച്ച് സ്ഥലങ്ങളില്‍ നിന്ന് മാത്രമേ നിരീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഓസ്ട്രേലിയ, കിഴക്ക്, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാര്‍ട്ടിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണത്തെ വീക്ഷിക്കാന്‍ സാധിക്കും.
ഇന്ത്യയിലുള്ളവര്‍ക്ക് ഇത്തവണത്തെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ സാധിക്കില്ല. ഇന്ത്യക്കാർക്ക് ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ് മാത്രമാണ് അതിനുള്ള ഏക ആശ്രയം. ഓസ്ട്രേലിയ പുറത്തുവിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് എക്സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം വീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ഇവിടെ വച്ച് ഏപ്രില്‍ 20ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.34 മുതല്‍ മൂന്ന് മണിക്കൂറോളം നേരം ഭാഗിക സൂര്യഗ്രഹണം കാണാവുന്നതാണ്. രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ സമയത്തിനിടെ പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കും. രാവിലെ 6.32 ഓട് കൂടി സൂര്യഗ്രഹണം പൂര്‍ത്തിയാകുന്നതാണ് . അതേസമയം, ഇത്തവണത്തെ സൂര്യഗ്രഹണം പുലര്‍ച്ചെയായതിനാല്‍ ഇന്ത്യയില്‍ തത്സയം കാണുന്നവര്‍ കുറവായിരിക്കും.
അതേസമയം, രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ഉള്‍പ്പെടെ 2023ല്‍ ആകെ നാല് ഗ്രഹണങ്ങള്‍ ഉണ്ടാകും. കൂടാതെ സൂര്യഗ്രഹണം കാണുമ്പോള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ് . ഇല്ലെങ്കില്‍ അവ കണ്ണുകള്‍ക്ക് ദോഷകരമാ യി വരുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സൂര്യഗ്രഹണം വീക്ഷിക്കുമ്പോള്‍ 14 ഷേഡുള്ള വെല്‍ഡിംഗ് ഗ്ലാസ്, കറുത്ത പോളിമര്‍ അല്ലെങ്കില്‍ അലുമിനിസ്ഡ് മൈലാര്‍ തുടങ്ങിയ ഉചിതമായ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാന്‍ നാസ നിര്‍ദ്ദേശിക്കുന്നത്. ഗ്രഹണസമയത്ത് ബൈനോക്കുലറുകളിലൂടെയോ ദൂരദര്‍ശിനിയിലൂടെയോ വീക്ഷിക്കുന്നതാണ് മറ്റൊരു അനുയോജ്യമായ വഴി .