ജനങ്ങളിൽ ആശങ്ക പരത്തി കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു

കന്യാകുമാരിയിൽ ഇന്നലെ കടൽ ഉൾവലിഞ്ഞു. ഇത് ജനത്തെ പരിഭ്രാന്തരാക്കി.വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗര്‍ണമി ദിവസങ്ങളിലും ചെറിയതോതില്‍ വേലിയേറ്റവും വേലിയിറക്കവും ഇവിടെ പതിവാണ്. എന്നാല്‍ ഇക്കുറി പതിവിലും വ്യത്യസ്തമായി കടല്‍ പൂര്‍ണമായും ഉള്‍വലിയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവേകാന്ദപ്പാറവരെ കടല്‍ കരയായി മാറുകയായിരുന്നു. കടൽ ഉൾവലിഞ്ഞതോടെ വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. കടൽ പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

രാത്രിസമയങ്ങളില്‍ ഇത്തരത്തില്‍ പൂര്‍ണമായി കടല്‍ ഉള്‍വലിയുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് പിറ്റേദിവസം പതിനൊന്ന് മണിയോടെ തിരിച്ച് വെള്ളം കയറി. ഉച്ചയോടെ തീരം പഴയ സ്ഥിതിയിലാവുകയായിരുന്നു. മൂന്ന് ദിവസം മുന്‍പും ചെറിയ തോതില്‍ കടല്‍ ഉള്‍വലിയുന്നത് ശ്രദ്ധയില്‍ പെട്ടതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 2004ൽ സുനാമിത്തിരകൾ വരുന്നതിനു മുൻപും സമാനമായി സംഭവിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വേലിയിറക്ക പ്രതിഭാസം മാത്രമാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കന്യാകുമാരി, ചിന്നമുട്ടം, കീഴമണക്കുടി, മണക്കുടി തുടങ്ങിയ തീരങ്ങളിൽ കടൽക്ഷോഭം ഉണ്ടായി. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരകൾ ഉയർന്നു. നാശനഷ്ടങ്ങളില്ല.

കടൽ ഭാഗത്ത് ഭൂകമ്പം ഉണ്ടായാൽ മാത്രമാണ് സുനാമി സംഭവിക്കുകയുള്ളൂ എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം പ്രദേശങ്ങളിൽ ഭൂകമ്പത്തിനുള്ള സാധ്യത ഇല്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. അതിനാൽ കടൽ ഉള്ളിലേക്ക് വലിഞ്ഞത് ഭയപ്പെടേണ്ടതില്ല. പ്രദേശത്ത് ശക്തമായ തിരമാല അടിക്കാനുള്ള സാധ്യത ഉണ്ട്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment