മഴക്കാലം ഇങ്ങെത്തി, മലദൈവങ്ങൾ പൊന്നു കാക്കുന്ന ഇടത്തേക്ക് ഒരു യാത്ര പോയാലോ?

മഴക്കാലം എത്തിയാൽ ആവേശത്തിന്റെ നാളുകളാണ്, വെറുതെ മഴ നനയുന്നത് മുതൽ മഴക്കാലത്ത് പോകുന്ന ദൂരയാത്രകൾ വരെ നീണ്ടുനിൽക്കുന്നു അത്. നിരവധി ദൃശ്യാനുഭവങ്ങൾ മഴയത്ത് നമുക്ക് ആസ്വദിക്കാൻ പറ്റും എന്നതാണ് മഴക്കാല യാത്രയുടെ പ്രത്യേകത.

മുന്നറിയിപ്പില്ലാതെ തിമിർത്തു പെയ്യുന്ന മഴ മാത്രമല്ല കോടമഞ്ഞും തണുപ്പും ഇടയ്ക്ക് മാത്രം വരുന്ന സൂര്യനും എല്ലാം നല്ല യാത്ര അനുഭവം തരുന്ന കാഴ്ചകൾ ആണ്. മഴക്കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി മടിപിടിച്ചു കിടക്കാതെ മഴ ആസ്വദിച്ചുകൊണ്ട് നമുക്ക് ഒരു യാത്ര പോയാലോ? മഴക്കാലത്ത് യാത്ര പോകാൻ പറ്റിയ ഒരിടം നമ്മുടെ തലസ്ഥാനം നഗരിയിൽ ഉണ്ട്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടം എന്ന് ആദിവാസികൾ വിശ്വസിക്കുന്ന ഒരിടം. മലനിരകളാൽ സമ്പന്നമായ പൊന്മുടി.

ചെറിയ ചാറ്റൽ മഴയെല്ലാം നനഞ്ഞ് പൊന്മുടി കയറിയാലോ?പൊന്മുടിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് വർഷം മുഴുവൻ തണുപ്പുള്ള കാലാവസ്ഥ എന്നതാണ്. വേനൽക്കാലം ആണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴ, ഇങ്ങനെ പെട്ടെന്നുള്ള കാലാവസ്ഥ മാറ്റമാണ് പൊന്മുടിയുടെ പ്രത്യേകതകളിൽ ഒന്ന്. കല്ലാർ കഴിയുന്നതോടെ കാട് തുടങ്ങുകയായി, അതിമനോഹരമായ കാട്ടിലൂടെ ഇരുപത്തിരണ്ട് ഹെയർ പിൻ വളവുകൾ പിന്നിടണം. വഴിയിലൂട നീളം കുരങ്ങന്മാരെയും, മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന നിരവധി നീർച്ചാലുകളും അല്ലാത്തതുമായ വെള്ളച്ചാട്ടങ്ങൾ എല്ലാം ആസ്വദിച്ച് ഒരു യാത്ര. പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് വിതുര കല്ലാർ റൂട്ടിൽ നിന്ന് 60 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നുകളാണ് പൊന്മുടി.

ഉഷ്ണമേഖല മഴക്കാടുകളാണ് പൊന്മുടിയെ സുന്ദരമാക്കുന്നത്. ഗോൾഡൻ വാലി, എക്കോ പോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊന്മുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ടോപ് സ്റ്റേഷൻ. തമ്പാനൂരിൽ നിന്നും നെടുമങ്ങാട്, വിതുര, കല്ലാർ എന്നിവിടങ്ങളിൽ നിന്നുമെല്ലാം പൊന്മുടിയിലേക്ക് കെഎസ്ആർടിസി സർവീസുകളും ഉണ്ട്. താമസത്തിനായി കെടിഡിസി കോട്ടേജ്, പൊന്മുടി ഗസ്റ്റ് ഹൗസ് എന്നിവയും ഉണ്ട്. ഭക്ഷണത്തിന് കെ ടി ഡി സി യുടെ റസ്റ്റോറന്റും, വനം വകുപ്പിന്റെ കാന്റീനും ഉണ്ട്.

Leave a Comment