കനത്ത മഴ ; ഗവിയിൽ മണ്ണിടിച്ചിൽ; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് മൂഴിയാർ,മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാർ മേഖലയിൽ ശക്തമായ മഴ പെയ്തത്.
മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു.പമ്പയിൽ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു.എന്നാൽ ഇപ്പോൾ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

ഇതാണ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടിയെന്ന സംശയം ഉയർത്തിയിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിലും ഞായറാഴ്ച തിരുവനന്തപുരം ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Leave a Comment