കേരളത്തിൽ സൂര്യന് ചുറ്റും ഹാലോ പ്രതിഭാസം

ഇന്ന് കേരളത്തില്‍ സൂര്യന് ചുറ്റും വലയം ദൃശ്യമായി. 22 ഡിഗ്രി ഹാലോ എന്ന് ശാസ്ത്രലോകം വിളിക്കുന്ന വലയമാണ് ദൃശ്യമായത്. ഇന്ന് ഉച്ചയോടെയാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് വര്‍ധിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും വലയം ദൃശ്യമാകും. രാത്രിയില്‍ പലപ്പോഴും ചന്ദ്രനു ചുറ്റും ഇത്തരം വലയം ദൃശ്യമാകാറുണ്ട്. 

എന്താണ് ഹാലോ?

അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ് പരലുകളോ, ഈര്‍പ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സില്‍ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയില്‍ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കില്‍ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകര്‍ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകള്‍ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങള്‍ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈര്‍പ്പക്കൂടുതല്‍ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകള്‍ രൂപം കൊള്ളുന്നത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 5-10 കി.മി ഉയരത്തിലാകും ഉണ്ടാകുക. 

Leave a Comment