പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ രാജ്യത്തിനുണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോഴത്തേയും ഭാവി തലമുറയുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കുന്നതിനൊപ്പം പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖയും രാജ്യത്തിനുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മറ്റേതൊരു മേഖലയെയും പോലെ പരിസ്ഥിതിയും രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാനമാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

2018 ല്‍ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടുന്നതിനായി രാജ്യം രണ്ട് തലങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ഒരു വശത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചു. മറുവശത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നിര്‍ബന്ധമാക്കുകയും ചെയ്തു’, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിലും സമാനമായ ശ്രദ്ധയാണ് തങ്ങള്‍ ചെലുത്തുന്നത് എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ഭാവിയിലെ ഇന്ധന ആവശ്യങ്ങളെ കുറിച്ചും രാജ്യത്തിന് കൃത്യമായ ധാരണയുണ്ട്. അതിനാലാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യം ഹരിതോര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Comment