തേജ് ദുര്‍ബലം, ഒമാനില്‍ മഴ തുടരും : യമനില്‍ പ്രളയം, 5 മരണം

തേജ് ദുര്‍ബലം, ഒമാനില്‍ മഴ തുടരും : യമനില്‍ പ്രളയം, 5 മരണം

തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ഈര്‍പ്പ പ്രവാഹം ഒമാനില്‍ വരും ദിവസങ്ങളിലും മഴ നല്‍കും. യമനില്‍ കഴിഞ്ഞ ദിവസം കരകയറിയ തേജ് ചുഴലിക്കാറ്റ് ഇപ്പോള്‍ ശക്തികുറഞ്ഞ് തീവ്രന്യൂനമര്‍ദം (Depression) ആയി യമന്‍- സൗദി അതിര്‍ത്തിയിലാണ് ഉള്ളത്. ഇത് സൗദി അറേബ്യയിലെ യമന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇടിയോടെ മഴ നല്‍കുമെന്ന് മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.

ഒമാനില്‍ മഴ തുടരും
ഒമാനില്‍ മഴ തുടരും

 

യമനില്‍ പെയ്തത് 40 സെ.മി മഴ

ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കു കിഴക്കന്‍ യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ അല്‍ ഗയ്ദക്കും ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയ്ക്കും ഇടയിലാണ് കരകയറിയത്. കനത്ത മഴയിലും പ്രളയത്തിലും യമനില്‍ അഞ്ചു പേര്‍ മരിച്ചതായും ആയിരത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ മഹ്‌റ പ്രവിശ്യയിലാണ് തേജ് കരകയറിയതിനെ തുടര്‍ന്ന് ആളപായവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരകയറുമ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായിരുന്നു തേജ്. തുടര്‍ന്ന് ദുര്‍ബലമായി. കരകയറുമ്പോള്‍ 406 എം.എം മഴയാണ് അല്‍ ഗെയ്ദ വിമാനത്താവളത്തില്‍ പെയ്തതെന്ന് യമന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രളയം, നാശനഷ്ടം

കനത്ത മഴ യമനില്‍ പ്രളയത്തിനും നാശനഷ്ടത്തിനും കാരണമായെന്ന് യമന്‍ റെഡ് ക്രസന്റ് അറിയിച്ചു. എല്‍ മഹ്‌റ ഗവര്‍ണറേറ്റിലാണ് പ്രളയവും പേമാരിയും ഉണ്ടായത്. ഹസ്‌വെയിന്‍ ഗവര്‍ണറേറ്റിലും ഭാഗികമായി പ്രളയമുണ്ടായി.

ഒമാനിലും കനത്ത മഴ, നാശനഷ്ടം

കനത്ത മഴയില്‍ ഒമാനിലെ റോഡുകള്‍ തകര്‍ന്നുവെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. പലയിടത്തും വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങളും താറുമാറായെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയരക്ടര്‍ ജനറല്‍ ഓഫ് റോഡ്‌സ് ആന്റ് ലാന്റ് ട്രാന്‍സ്‌പോര്‍ട് മുഹമ്മദ് തബൂക്ക് അറിയിച്ചു. ചില റോഡുകള്‍ അടച്ചിട്ടുണ്ട്.

ഒമാനില്‍ മഴ തുടരും

 

മുന്നൊരുക്കം നടത്തി, ആളപായമില്ല

ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്നും തേജ് ചുഴലിക്കാറ്റ് കരകയറും മുന്‍പ് മുന്നൊരുക്കം നടത്തിയിരുന്നുവെന്നും സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലിസും പറഞ്ഞു. ഒമാനില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റിലെ റുക്‌യൂത്ത് നഗരസഭയിലാണ്. ഇവിടെ ഞായറാഴ്ച 20 സെ.മി മഴ രേഖപ്പെടുത്തി.

എന്നാല്‍ കൃഷി മന്ത്രാലയം ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 232 എം.എം മഴയാണ് ഇവിടെ ലഭിച്ചത്. ദല്‍കൂത്ത് നഗരസഭയില്‍ 203 എം.എം മഴയും ലഭിച്ചു. സലാലയില്‍ പെയ്തത് 56 എം.എം മഴയാണ്.

തേജ് ദുര്‍ബലം, ഒമാനില്‍ മഴ തുടരും

ഇന്ന് രാവിലെയോടെ തേജ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി. എങ്കിലും ഈര്‍പ്പം ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്. അടുത്ത ദിവസങ്ങളിലും ഒമാനില്‍ മഴ തുടരും.
ഒക്ടോബര്‍ 26 മുതല്‍ 28 വരെ അന്തരീക്ഷത്തിലെ തീവ്രന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിക്കുക. ഹജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇവിടെ കാറ്റും പ്രതീക്ഷിക്കാം.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment