Menu

കൃഷി

കേരള കർഷകർക്ക് ഇസ്രായേൽ സന്ദർശിക്കാൻ അവസരം

നൂതന കാർഷിക വിദ്യകൾ ഉപയോഗിച്ചുള്ള കൃഷിരീതി പഠിക്കാൻ ഇസ്രായേൽ സന്ദർശിക്കാൻ കേരള കർഷകർക്കും അവസരം. സംസ്ഥാന കൃഷി വകുപ്പ് ആണ് ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം ഒരുക്കുന്നത്.

വാട്ടർ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ, ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താൽപര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലായ www.aimsnew.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റു മുൻഗണന മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 19 മുതൽ എയിംസ് പോർട്ടൽ വഴി കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്.

കാലാവസ്ഥാ മാറ്റവും കാർഷിക വിളകളും

കൃഷി ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ചാകാം -3

ഡോ. ഗോപകുമാർ ചോലയിൽ
ആർദ്രോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങളാണുള്ളത്. കാലവർഷവും തുലാവർഷവും. കേരളത്തിന്റെ ദക്ഷിണ ജില്ലകളിൽ വ്യക്തമായ രണ്ട് മഴക്കാലങ്ങൾ അനുഭവപ്പെടുമ്പോൾ ഉത്തര കേരളത്തിൽ പ്രധാനമായും ഒരു മഴക്കാലം (കാലവർഷം) മാത്രമാണ് ലഭിക്കുന്നത്. മികച്ച നാളികേരോത്പാദനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്ന വേരുചീയൽ രോഗത്തിന്റെ സാന്നിധ്യമുണ്ടായിട്ടുകൂടി ദക്ഷിണ ജില്ലകളിൽ നിന്നുള്ള നാളികേരോത്പാദനം, ദൈർഘ്യമേറിയ വരൾച്ചാ വേളകൾ അനുഭവപ്പെടുന്ന വടക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. കനത്ത മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് നെൽകൃഷിക്ക് ഹാനികരമാണ്. എന്നാൽ, തോട്ടവിളകൾക്കാവട്ടെ, വേനൽ മാസങ്ങളിൽ ഇടമഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ച ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് സൃഷ്ടിക്കുന്നു. 1983, 2004, 2013, 2016 വർഷങ്ങളിൽ സംസ്ഥാനത്ത് വേനലിൽ അനുഭവപ്പെട്ട നീണ്ട വരൾച്ച മൂലം തോട്ടവിളകളിൽ നിന്നുള്ള ഉല്പാദനം ഗണ്യമായി കുറഞ്ഞു. തന്മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയൊരളവോളം പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ മഴക്കാലത്ത് ജലസംഭരണികളായും വേനൽ മാസങ്ങളിൽ ജലസ്രോതസ്സുകളായും വർത്തിക്കുന്നവയാണ്. എന്നാൽ, കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി അതിദ്രുതം കുറഞ്ഞുവരികയാണ്. ഇവ മണ്ണിട്ട് നിരപ്പാക്കി കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയേറിവരുന്നു. സംസ്ഥാനത്ത് സമീപ വർഷങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്കം സർവസാധാരണമാവുന്നതിനും വേനലിലെ രൂക്ഷമായ ജലക്ഷാമത്തിനും ഒരു കാരണം തണ്ണീർത്തടങ്ങൾ നികത്തുന്നതാണ്.
മൺസൂണിന്റെ ആരംഭത്തിലും മഴയുടെ വ്യാപനത്തിലും സമീപവർഷങ്ങളിൽ ക്രമരാഹിത്യം അനുഭവപ്പെടുന്നതായി കാണുന്നു. കാലവർഷം തുടർച്ചയായി ക്രമം തെറ്റുന്നതും, മഴക്കാലത്തിനിടക്ക് ദീർഘമായ ഇടവേളകൾ അനുഭവപ്പെടുന്നതും മൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ് താഴുകയും ജലവൈദ്യുതി ഉല്പാദനം അനിശ്ചിതത്വത്തിലാകുകയും ചെയ്യുന്നു. വിവിധ വിളകളുടെ കൃഷിയിട വിസ്തൃതിയിലും സമീപ വർഷങ്ങളിൽ മാറ്റങ്ങൾ കാണപ്പെടുന്നു. നെല്ലിന്റെയും കശുമാവിന്റെയും കൃഷിയിട വിസ്തൃതി കുറഞ്ഞു വരുമ്പോൾ തെങ്ങ്, റബ്ബർ ,എന്നിവയുടെ വിസ്തൃതി കൂടുന്നതായിട്ടാണ് കാണപ്പെടുന്നത്. വാനിലയും കൊക്കോയും തുടക്കത്തിൽ ആവേശത്തോടെ കൃഷി ചെയ്യാൻ തുടങ്ങിയെങ്കിലും വിപണിയിലെ അനിശ്ചിതത്വം മൂലം വാനിലക്കൃഷിക്ക് പിടിച്ചുനിൽക്കാനായില്ല. കൊക്കോ കൃഷിയിടവിസ്തൃതിയും കുറഞ്ഞു വരികയാണ്. കുരുമുളകിൻ തോപ്പുകളുടെ വിസ്തൃതി ഇടക്കാലത്ത് വർദ്ധിച്ചു വന്നിരുന്നത് ഇപ്പോൾ കുറയുന്നതായി കാണുന്നു. വയനാട്ടിലെ നെല്പാടങ്ങൾ ഇന്ന് കവുങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളുമായി രൂപാന്തരം പ്രാപിച്ചു. കാലാവസ്ഥാപരവും, സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങളാൽ സംസ്ഥാനത്തെ ഭക്ഷ്യവിളകളുടെ സൂചിക കുറഞ്ഞ് വരികയും ഭക്ഷ്യേതര വിളകളുടേത് വര്ധിച്ചുവരികയുമാണ്. മഴക്കുറവ്, അന്തരീക്ഷ താപനിലാ വർദ്ധനവ്, കര, കടൽ, തണ്ണീർത്തടങ്ങൾ എന്നിവയിലെ ജൈവവൈവിധ്യ ശോഷണം, സമുദ്രനിരപ്പ് ഉയരൽ, വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂഗർഭജല ശോഷണം, ഒരുവെള്ളക്കയറ്റം, വനവിസ്തൃതിയിലെ കുറവ്, കാട്ടുതീ, അസ്വാഭാവിക വേനൽ മഴ, ആലിപ്പഴം വീഴ്ച, തുടങ്ങിയ തീക്ഷ്ണകാലാവസ്ഥാ സാഹചര്യങ്ങൾ സമീപകാലത്തായി ഉണ്ടാകുന്നത് സംസ്ഥാനത്തെ കാര്ഷിക മേഖലയെയാണ് ഏറ്റവും കൂടുതൽ പിടിച്ചുലച്ചത്. പൊതുവെ, ആർദ്രോഷണ പ്രദേശങ്ങളിലെ കാർഷിക മേഖലകൾ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് കൂടുതൽ വിധേയമാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഉത്പാദനം, ഉല്പാദനക്ഷമത എന്നിവയിലുണ്ടാകുന്ന ശോഷണം ഇതിന്റെ പ്രതിഫലനമാണ്. ആർദ്രോഷണ മേഖലയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ വളരുന്ന വിവിധയിനം കാർഷിക വിളകൾ കാലാവസ്ഥാ വ്യതിയാന കാലഘട്ടത്തിൽ നേരിടുന്ന, നേരിടാവുന്ന പ്രതിസന്ധികൾ ലഘുവായി വിവരിക്കുന്നു. (തുടരും)

(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)

കൃഷി ഇനി കാലാവസ്ഥക്ക് അനുസരിച്ചാകാം


ഡോ. ഗോപകുമാർ ചോലയിൽ

കാർഷിക മേഖലക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും പെട്ടെന്ന് കാർഷിക മേഖലയിൽ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രതയനുസരിച്ച് അന്തരീക്ഷതാപന സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയെന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ല, കാർഷിക മേഖലയുടെ പ്രാധാന്യം. മറിച്ച്, ജനലക്ഷങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു വ്യവസ്ഥിതികൂടിയാണത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകട ലക്ഷണങ്ങൾ അന്തരീക്ഷതാപനിലാ വർധനവ്, മഴയിൽ അനുഭവപ്പെടുന്ന ക്രമരാഹിത്യം, വരൾച്ചാവേളകൾ, പ്രളയം, അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിങ്ങനെ പലരൂപത്തിലും ഭാവത്തിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ ഇത്തരം പ്രകൃത്യാലുള്ള മാറ്റങ്ങളെല്ലാം തന്നെ ഏറ്റവുമധികം പിടിച്ചുലക്കുന്നത് കാർഷിക മേഖലയെയാണ്. മഴയുടെ അളവ്, അന്തരീക്ഷ താപനില, വിളകൾ, മണ്ണ്, പരിചരണ മുറകൾ എന്നിവ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ കാർഷിക മേഖലയെ പൊതുവെ എപ്രകാരം ബാധിക്കുമെന്ന് തിട്ടപ്പെടുത്തുക ദുഷ്‌കരമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടവും പ്രത്യക്ഷവുമായ ലക്ഷണമാണ് അന്തരീക്ഷ താപനിലാ വർദ്ധനവ്. അന്തരീക്ഷതാപത്തോട് വ്യത്യസ്ത വിളകൾക്ക് വ്യത്യസ്തമായ പ്രതികരണ സ്വഭാവമാണുള്ളത്‌. ലോകജനസംഖ്യയുടെ സിംഹഭാഗവും ഉഷ്ണമേഖലയിൽ ആയതിനാലും അവിടങ്ങളിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതിനാലും കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മാറുന്ന കാലാവസ്ഥാസാഹചര്യങ്ങളിൽ അതിജീവനം തേടുന്നതോ, വ്യാപകമാകുന്നതോ ആയ കൃമി-കീട-രോഗബാധകൾ, കളകൾ, മണ്ണിന്റെ വൃദ്ധിനാശം, നിയന്ത്രണാധീതമായ ജനസംഖ്യാ വര്ധനവ് തുടങ്ങിയ ഘടകങ്ങൾ ഉഷ്ണമേഖലാ രാജ്യങ്ങളുടെ കാർഷിക മേഖലയെയും അതുവഴി അവിടുത്തെ ജനജീവിതത്തെയും സാരമായി ബാധിക്കും.
വിത്ത്, വളം, പരിചരണം തുടങ്ങിയ കാലാവസ്‌തേതര ഘടകങ്ങൾ അനുകൂലമായാൽ പോലും കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ അത് വിളവിൽ ഗണ്യമായ കുറവ് വരുത്താറുണ്ട്. കാലാവസ്ഥയിലെ അസാധാരണവും പ്രവചനാതീതവുമായ മാറ്റങ്ങൾ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഉദാഹരണമായി, 2007 ലെ ശക്തമായ കാലവർഷം മൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തിന്റെ നെല്ലറയെന്ന വിശേഷിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. സാധാരണ ഹെക്ടറിന് അഞ്ച് ടൺ വരെ വിളവ് ലഭിക്കാറുണ്ടായിരുന്ന കൃഷിയിടങ്ങളിൽ നിന്ന് അത്തവണ ഹെക്ടറിന് ശരാശരി മൂന്ന് ടൺ വിളവ് മാത്രമാണ് ലഭിച്ചത്. നീണ്ട് നിന്ന് പെയ്ത മഴ രണ്ടാം വിള ഇറക്കുന്നതിനും കാലതാമസം വരുത്തി. 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളും കേരളത്തിന്റെ കാർഷിക മേഖലക്കേൽപ്പിച്ച ആഘാതങ്ങൾ വലുതാണ്. നെൽകൃഷിമേഖല പാടെ നശിപ്പിക്കപ്പെടുകയാണ് ഇത്തരം സാഹചര്യങ്ങളിൽ. 2021 ജനുവരി മാസത്തിൽ പെയ്ത അസ്വാഭാവികമായ മഴ ചിലയിടങ്ങളിൽ നെൽകൃഷിയെയും ഇടുക്കി ജില്ലയിലെ വട്ടവട പ്രദേശത്തെ പച്ചക്കറി കൃഷി, മറയൂരിലെ കരിമ്പ് കൃഷി എന്നിവയ്ക്ക് ഗണ്യമായ തോതിൽ ആഘാതമേല്പിച്ചു.
പ്രധാനമായും കാർഷികാധിഷ്ഠിത സമ്പത് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ജനസംഖ്യയുടെ 52 ശതമാനത്തോളം, കൃഷിയും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഗ്രാമീണ മേഖലയിൽ കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ 76 ശതമാനത്തോളമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമായും ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, കാർഷികോല്പാദനം, അന്തരീക്ഷ താപനില, മൺസൂൺ മഴ എന്നിവയാൽ നിയന്ത്രിതമാണ്. ഉത്തരേന്ത്യയിൽ രണ്ടാം വിളക്കാലത്താണ് അന്തരീക്ഷ താപനിലയിൽ വർദ്ധനവ് പ്രകടമാവുന്നത്. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് വർദ്ധനവ് ഗോതമ്പുത്പാദനത്തിൽ നാല് മുതൽ അഞ്ച് ദശലക്ഷം ടൺ വരെ കുറയാൻ കാരണമാകുന്നു. ഓരോതരം വിലകളിലും സമ്മിശ്ര പ്രതികരണമാണ് കാലാവസ്ഥ മാറ്റം വഴി പ്രകടമാകുന്നത്. (തുടരും)
(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)