വേനൽ മഴ ഇന്നും തുടരും ; വടക്കൻ കേരളത്തിൽ മഴ സാധ്യത എവിടെയെല്ലാം

കേരളത്തിൽ മധ്യ, തെക്കൻ ജില്ലകളിലായി ഇന്നും വേനൽ മഴ തുടരും. ഇന്നലെ ഇടുക്കി ജില്ലയിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമായിരുന്നു വേനൽ മഴ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് (ചൊവ്വ) കുറച്ചുകൂടി പ്രദേശങ്ങളിലേക്ക് വേനൽ മഴ വ്യാപിക്കും. ഇടുക്കി,കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ജില്ലകൾക്കാണ് ഇന്ന് മഴ സാധ്യതയുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ പടിഞ്ഞാറ് തീരദേശ മേഖലയിലേക്ക് രാത്രിയോടെ മഴയെത്താൻ സാധ്യതയുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെക്കൻ , മധ്യ ജില്ലകളിൽ ലഭിച്ച വ്യാപകമായ രീതിയിലുള്ള മഴ ഇന്ന് വടക്കൻ കേരളത്തിൽ ഉണ്ടാകില്ല. മധ്യകേരളത്തിന്റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട മഴക്ക് ഇന്ന് സാധ്യതയുണ്ട്.

അതേസമയം, വടക്കൻ കേരളത്തിൽ മഴ സാധ്യത ഇന്നും കുറവാണ്. പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര വന മേഖലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട് എന്നതൊഴിച്ചാൽ വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യത ഇല്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ മാസങ്ങളായി മഴ ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ഇവിടെ വേനൽ മഴക്ക് അനുകൂലമായ അന്തരീക്ഷം ഇപ്പോഴും ഒരുങ്ങിയിട്ടില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. കണ്ണൂർ ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്കുള്ള സാധ്യത ഇന്നും അടുത്ത ദിവസങ്ങളിലും ഉണ്ട് . എന്നാൽ ജനവാസ മേഖലകളിൽ മഴ ലഭിക്കാനുള്ള സാധ്യതയില്ല. ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട കേരളത്തിൽ തുടരാനാണ് സാധ്യത.

Leave a Comment