kerala weather 22/03/24 : വടക്കൻ കേരളത്തിൽ മഴ തുടങ്ങി; എല്ലാ ജില്ലകളിലും മഴ സാധ്യത
കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് വേനൽ മഴ സാധ്യത. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്ന് മഴ ലഭിക്കും. കേരളത്തിൽ മിക്ക ജില്ലകളിലും വേനൽ മഴക്ക് സാധ്യതയുണ്ടെന്നും ചൂടിന് നേരിയ കുറവ് അനുഭവപ്പെടുമെന്നും കഴിഞ്ഞ 17ന് metbeatnews.com വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇന്ന് പുലർച്ചെ മുതൽ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകൾ രാവിലെ മുതൽ മേഘാവൃതം ആകും.
തൃശ്ശൂർ ജില്ലയിൽ തീരദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലും ഇന്ന് പുലർച്ച നാലുമണിയോടെ മഴ ലഭിച്ചു. തൃശൂർ ജില്ലയിലെ പീച്ചി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ അരമണിക്കൂറോളം മഴപെയ്തു. കോഴിക്കോട് മുതൽ മലപ്പുറം വരെയുള്ള തീരദേശ പ്രദേശത്ത് മഴ സാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും മഴ കടലിൽ മാറിയാണ് ഇന്ന് പെയ്തത്. കാസർകോട് ജില്ലയിൽ രാവിലെ 8 മണിയോടെ മഴ ലഭിച്ചു. മഴയുടെ വീഡിയോ താഴെ കാണാം.
ഞായറാഴ്ച വരെ കേരളത്തിൽ മഴ തുടരും എന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather പറയുന്നത്. ശനി ഞായർ ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതുവരെ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും വടക്കൻ ജില്ലകളിൽ രണ്ടുമാസത്തിലേറെയായി മഴ ലഭിച്ചിരുന്നില്ല. കടുത്ത ചൂടാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
എല്ലാ ജില്ലകളിലും വ്യാപകമായി വേനൽ മഴ ലഭിക്കില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മഴ സാധ്യത. എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെന്ന് പറയുമ്പോൾ, എല്ലാ ജില്ലകളിലെയും എല്ലാ പ്രദേശങ്ങളിലും മഴ ലഭിക്കുമെന്ന് കരുതരുത്. ഈ ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മഴ ലഭിക്കാമെന്നാണ് അർത്ഥമാക്കേണ്ടത്. സാധാരണ വേനൽമഴ പെയ്യുന്നതു പോലെ വൈകീട്ടും രാത്രിയിലും പുലർച്ചെയും ആണ് മഴ സാധ്യത. പകൽ താപനില ഉയരും.
സാധാരണ വേനൽ മഴ തെക്കൻ കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഉണ്ടാകാറുള്ളത് എങ്കിലും ഇത്തവണത്തെ മഴ വടക്കൻ ജില്ലകൾക്കാണ് കൂടുതൽ സാധ്യത. സാധാരണ കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഴ കുറയാറുള്ളത്. എന്നാൽ ഇന്ന് മുതൽ മൂന്നുദിവസം പെയ്യുന്ന മഴ കൂടുതലും ഈ ജില്ലകൾക്കാണ് സാധ്യത. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ കുറയാനും ആണ് സാധ്യത.
ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും രാവിലത്തെ ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും നേരിയ ചാറ്റൽ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. നാളെ വൈകിട്ട് മുതൽ മധ്യ, തെക്കൻ കേരളത്തിലും ഇടത്തരം / ശക്തമായ മഴ സാധ്യത ഉണ്ടെന്ന് Metbeat Weather പറയുന്നു. തൃശൂർ മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ ആണ് മഴ സാധ്യത. നാളെ (ശനി) കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്നത്തേക്കാൾ കൂടുതൽ മഴ സാധ്യതയുണ്ട്. ഞായറാഴ്ചയും മഴ തുടരും. തിങ്കൾ മുതൽ മഴ കുറഞ്ഞ് വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് മാറും.
അതിനിടെ പത്തു ജില്ലകളിൽ തിങ്കളാഴ്ച വരെ സാധാരണയേക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില കൂടാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായും IMD അറിയിപ്പിൽ പറയുന്നു. കേരളത്തിൽ രണ്ടുദിവസത്തേക്കുള്ള താൽക്കാലിക മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടുതൽ ദിവസങ്ങളിൽ പെയ്യുന്ന വേനൽ മഴക്കായി ഏപ്രിൽ രണ്ടാം വാരം വരെ കാത്തിരിക്കേണ്ടി വരും.