ഇന്നലെ വീശിയത് 60 കി.മി വേഗതയിലുള്ള കാറ്റ്; കനത്ത നാശനഷ്ടം, വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളി മരിച്ചു
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയെ തുടർന്ന് കാറ്റു ശക്തമാകുമെന്ന് ഇന്നലെ കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് വിവിധ ജില്ലകളിൽ കാറ്റ് ആഞ്ഞു വീശിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കാറ്റ് പരക്കെ നാശനഷ്ടം വിതച്ചു.
മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയിരുന്നു. വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും ഏറെ നേരം പിടിച്ചിട്ടു.
കൊച്ചിയിലെ നഗര പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ കരുമാടി, പുറക്കാട്, ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ മേഖലകളിലും കൊല്ലം തകഴി, കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിലും തിരുവനന്തപുരം വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിലും മര ങ്ങൾ കടപുഴകി.
ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിൽ മരംവീണു. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും സാധാരണ നിലയി ലുള്ള മഴ ലഭിക്കുമെന്നാണ് പ്രവചനം. രാത്രി കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് Metbeat Weather അറിയിച്ചു.
മൽസ്യ ബന്ധന വിലക്ക്
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
റെയിൽവെ ട്രാക്കിൽ മരം വീണു
മഴയിലും ശക്തമായ കാറ്റിലും ട്രാക്കിൽ മരം വീണതിനെ തുടർന്ന് കൊല്ലം – തിരുവനന്തപുരം പാതയിൽ ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂർ തടസപ്പെട്ടു. കൊല്ലം എസ്.പി ഓഫിസ് മേൽപാലത്തിന് സമീപവും പരവൂർ ഭാഗത്താണ് റെയിൽ പാളത്തിൽ മരങ്ങളുടെ കൊമ്പ് ഒടിഞ്ഞുവീണത്.
ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. ഇതോടെ ഈ റൂട്ടിൽ തടസപ്പെട്ടു. ട്രെയിൻ ഗതാഗതം രാവിലെ 7.30നാണ് പുനഃസ്ഥാപിച്ചത്. ഇതുകാരണം രാവിലെ ആറിന് എത്തിയ നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിർത്തിയിട്ടു. ചെന്നൈ – തിരു വനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് പെരിനാട് സ്റ്റേഷനി
ലും മംഗലാപുരം – തിരുവനന്ത പുരം മലബാർ എക്സ്പ്രസ് പെരിനാട് ഔട്ടറിലും നിർത്തിയിട്ടു.
പൂനെ – കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ശാസ്താംകോട്ടയിലും മൈസൂർ.- കൊച്ചുവേളി എക്സ്‌പ്രസ് കരുനാഗപ്പള്ളിയിലും നിർത്തിയിട്ടു. ഇവയെല്ലാം പിന്നീട് കടത്തിവിട്ടതിന് ശേഷം 7.50 നാണ് കൊല്ലം – തിരുവനന്തപുരം പാസഞ്ചർ പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന വേണാട്, പരശുറാം, ജനശതാബ്ദി എക്സ്‌പ്രസുകളും അര മണിക്കൂറോളം വൈകി.
ഓച്ചിറ സ്റ്റേഷന് സമീപവും ട്രാക്കിൽ മരം വീണതിനാൽ എറണാകുളം ഭാഗത്തേയ്ക്കുള്ള ഗതാഗതവും അര മണിക്കൂറോ ളം തടസപ്പെട്ടിരുന്നു.
കാറ്റിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു
കടലിൽ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചു കിണറ്റിൻ മൂട്ടിൽ ബിൽക്കസ് (59) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കായിക്കര മൂലയിൽ തോട്ടംകുളങ്ങര പടിഞ്ഞാറ് ബർണാഡ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ ഇവരുടെ വള്ളം മറിയുകയായിരുന്നു. ഏറെനേരം വള്ളത്തിൽ ഉണ്ടായിരുന്ന വലയിൽ പിടിച്ചു കിടന്നെങ്കിലും ബിൽക്കസ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
പിന്നീട് മൃതദേഹം കരയ്ക്കടിഞ്ഞു. തീരദേശ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. രക്ഷപ്പെട്ട ബർണാഡിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വള്ളം. ബിൽക്കസിന്റെ ഭാര്യ: വ്യാകുല മേരി. മക്കൾ: ഫെനി, ഷെബി.