ഡൽഹിയിൽ വീണ്ടും ശക്തമായ ഭൂചലനം. വൈകീട്ട് 4.40 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിൽറിക്ടർ സ്കെയിലിൽ 5.6 തീവ്രതയനുഭവപ്പെട്ട ഭൂചലനമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടത്.
ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് 233 കിലോമീറ്റർ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് വടക്കേ ഇന്ത്യയിൽ ഭൂചലനമുണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രിയും നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അതിന്റെ പ്രകമ്പനമാണ് ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ടായത്. ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157 പേർ കൊല്ലപ്പെട്ടിരുന്നു. 2015 ന് ശേഷമുള്ള ഹിമാലയൻ രാജ്യത്തിലെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്.