വേനല്‍ മഴക്ക് ഇനിയും കാത്തിരിക്കണം, വരള്‍ച്ചാ സാധ്യതയുണ്ടോ
വേനല്‍ മഴ തുടങ്ങാന്‍ ഏപ്രില്‍ പകുതിയായേക്കും. കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം ഏതാനും പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ഉണ്ടാകുമെങ്കിലും സാധാരണ രീതിയിലുള്ള വേനല്‍ മഴ വിഷുവിന് എത്താനാണ് സാധ്യത. നിലവിലെ അന്തരീക്ഷസ്ഥിതി അവലോകന പ്രകാരമാണിതെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
വടക്കന്‍ ജില്ലകളില്‍ ജലക്ഷാമം
കേരളത്തില്‍ കഴിഞ്ഞ ദിവസം ഏതാനും പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വടക്കന്‍ കേരളത്തിലെ ചില ജില്ലകള്‍ രണ്ടു മാസത്തിലേറെയായി മഴ രഹിതമായി തുടരുകയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കഴിഞ്ഞ ദിവസത്തെ മഴയും ലഭിക്കാതെ പോയത്. ഇവിടങ്ങളില്‍ മഴ സാധ്യത പ്രവചിക്കപ്പെട്ടെങ്കിലും മഴ കടലില്‍ പെയ്തു പോകുകയായിരുന്നു.
ഈ ജില്ലകളിലും ഏപ്രില്‍ പകുതിയോടെയേ വേനല്‍മഴക്ക് സാധ്യതയുള്ളൂ. ഇതിനാല്‍ വടക്കന്‍ കേരളത്തില്‍ ചില മേഖലകളില്‍ വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനു സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍ കേരളത്തില്‍ പരക്കെ വരള്‍ച്ചാ സാധ്യതയില്ല.
2023 ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കുറവാണ് ലഭിച്ചത്. എന്നാല്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴ കേരളത്തില്‍ 24 ശതമാനം അധികം ലഭിച്ചു. ഫെബ്രുവരി കേരളത്തില്‍ മഴ ലഭിച്ചതേയില്ല. ജനുവരിയില്‍ അധികമഴ ലഭിക്കുകയും ചെയ്തു. ഇനിയുള്ള 20 ദിവസം തുടര്‍ച്ചയായ വരണ്ട കാലാവസ്ഥയാണെങ്കില്‍ മഴ രഹിതമായ ജില്ലകളില്‍ ജലക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ട്.
വേനല്‍ മഴക്ക് ഇനിയും കാത്തിരിക്കണം, വരള്‍ച്ചാ സാധ്യതയുണ്ടോ
ഈ ചൂട് അസാധാരണമല്ല
കേരളത്തില്‍ വേനല്‍ മഴ ലഭിക്കേണ്ടത് ഏപ്രില്‍ പകുതിയോടെയാണ്. ഇത്തവണ നേരത്തെ ചൂടു തുടങ്ങിയതാണ് വരള്‍ച്ചാ ഭീതിക്ക് കാരണം. ഇപ്പോള്‍ 2 മുതല്‍ 4 ഡിഗ്രിവരെയാണ് സാധാരണ താപനിലയേക്കാള്‍ കൂടുതലായി അനുഭവപ്പെടുന്നത്. ഈ സീസണില്‍ 2 മുതല്‍ 3 ഡിഗ്രിവരെ കഴിഞ്ഞ ഏഴു വര്‍ഷത്തെ താപനിലയില്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇത് അസാധാരണ സാഹചര്യമാണെന്ന് പറയാനാകില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ കേരളത്തില്‍ പരക്കെ വരള്‍ച്ചാ സാധ്യത ഇപ്പോഴില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്
കേരളത്തിലെ ഡാമുകളില്‍ ആവശ്യത്തിനു ജലശേഖരമുണ്ട്. ഇടുക്കിയിലും പകുതിയോളം ജലശേഖരമുണ്ട്. കേരളത്തില്‍ വരള്‍ച്ചയുണ്ടായ 2012 ഉം 2016 ഉം അപേക്ഷിച്ച് ഇപ്പോള്‍ ജലശേഖരം മികച്ച നിലയില്‍ തന്നെയാണ്. പ്രാദേശിക അടിസ്ഥാനത്തില്‍ ജലക്ഷാമമുണ്ടെങ്കിലും അത് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
2012 ല്‍ വരള്‍ച്ചയെ തുടര്‍ന്ന് ശാസ്താംകോട്ട കായല്‍ വറ്റിയിരുന്നു. 2016 ല്‍ തിരുവനന്തപുരത്തെ അരുവിക്കര, നെയ്യാര്‍ ഡാമുകളില്‍ വളരെ താഴുകയും ചെയ്തു. എന്നാല്‍ ഇവിടങ്ങളില്‍ ഇപ്പോള്‍ ആശ്വാസകരമായ തോതില്‍ വെള്ളമുണ്ട്.
വേനല്‍മഴയെ അടിസ്ഥാനമാക്കിയാണ് ഇനിയുള്ള വരള്‍ച്ചയെ കുറിച്ച് വിലയിരുത്തേണ്ടത്. വേനല്‍മഴ അടുത്ത 20 ദിവസത്തിനകം ലഭിച്ചു തുടങ്ങും. അതിനു ശേഷം കാലാവര്‍ഷം എത്താന്‍ ജൂണ്‍ ആദ്യവാരമാകും. ഏപ്രില്‍, മെയ് മാസങ്ങളില്‍ വരള്‍ച്ചയുണ്ടാകുമോയെന്ന കാര്യത്തില്‍ വേനല്‍മഴയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്.
വേനല്‍ മഴ കുറയില്ല
എല്‍നിനോ പ്രതിഭാസം കുറഞ്ഞ് സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഏപ്രിലോടെ എൽ നിനോ ന്യൂട്രലിലെത്തും. തുടര്‍ന്ന് മണ്‍സൂണില്‍ വീണ്ടും താപനില കുറഞ്ഞ് ലാനിനയിലേക്ക് നീങ്ങും. ഇതോടെ കേരളത്തില്‍ വേനല്‍മഴയും കാലവര്‍ഷവും സാധാരണ തോതില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റിന്റെ നിരീക്ഷണം.
കേരളത്തിലെ ജലസേചനത്തിന് ഉപയോഗിക്കുന്ന ഡാമുകളിലും ഏപ്രില്‍വരെയുള്ള ജലശേഖരമുണ്ട്. ഏപ്രിലില്‍ മഴ പെയ്തില്ലെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുള്ളൂവെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തല്‍. കുടിവെള്ള പദ്ധതികളെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികൂലമായി ബാധിക്കില്ല. ഏപ്രിലില്‍ ചൂട് കൂടി നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തില്‍ ജലബാഷ്പീകരണ തോത് കൂടുകയും സംഭരണികളില്‍ വെള്ളം കുറയുകയും ചെയ്യും.
സംസ്ഥാനത്തെ മൊത്തം ജലസംഭരണികളില്‍ 50 ശതമാനമെങ്കിലും ജലശേഖരമുണ്ട്. പാലക്കാട്ടെ മംഗലം ഡാമിലാണ് 37 ശതമാനമായി ജലശേഖരം താഴ്ന്നത്. 2023 നെ അപേക്ഷിച്ച് നേരിയ തോതിലേ കുറവുള്ളൂ.