കാലവർഷത്തിന്റെ പുരോഗതി ആൻഡമാൻ കടലിൽ 10 ദിവസത്തിലേറെ തടഞ്ഞത് പസഫിക് സമുദ്രത്തിലെ മാവർ ചുഴലിക്കാറ്റ്. ഈ ചുഴലിക്കാറ്റ് കാലവർഷം കേരളത്തിൽ എത്തുന്നതിനെ തടയുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചിരുന്നു. മെയ് 19 ന് ആൻഡമാൻ നിക്കോബാർ ദ്വീപിലെ തെക്കൻ മേഖലയിൽ എത്തിയ കാലവർഷം 12 ദിവസത്തിനു ശേഷമാണ് ഇന്നലെ ആൻഡമാൻ ദ്വീപ് സമൂഹം മുഴുവനായി വ്യാപിച്ചത്. എന്നാൽ മെയ് 26 ന് ശ്രീലങ്കയിൽ എത്തേണ്ട കാലവർഷം ഇതുവരെ എത്തിയതുമില്ല. അടുത്ത മൂന്നു ദിവസത്തിനകം ഇതുണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം. ഇന്നലെ മ്യാൻമർ തീരത്തും കാലവർഷം എത്തിയിട്ടുണ്ട്. മാവർ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതോടെയാണ് കാലവർഷക്കാറ്റിന് സ്വാഭാവിക രീതിയിൽ സഞ്ചരിക്കാൻ കഴിഞ്ഞത്.
മാവറും ഫാബിയാനും തടസമായി
കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിന് പസഫിക് സമുദ്രത്തിലെ മാവർ ചുഴലിക്കാറ്റിനു മുൻപ് തടസമായി നിലകൊണ്ടത് ഭൂമധ്യ രേഖക്ക് അപ്പുറത്ത് നിലകൊണ്ട ഫേബിയൻ ചുഴലിക്കാറ്റ്. ഇക്കാര്യവും നേരത്തെ ഞങ്ങളുടെ ടീം ചൂണ്ടിക്കാട്ടിയിരുന്നു. മെറിലന്റ് അറ്റ്‌മോസ്ഫിയറിക് ആന്റ് ഓഷ്യനിക് സയൻസ് യൂനിവേഴ്‌സിറ്റിയിലെ രഘു മുർത്തുഗുഡെയും ഈ അഭിപ്രായം പങ്കുവച്ചു. എതിർദിശയിൽ കറങ്ങിയ ഫേബിയൻ ചുഴലിക്കാറ്റ് കാലവർഷക്കാറ്റ് ഭൂമധ്യരേഖ കടക്കുന്ന് പുരോഗമിക്കുന്നതിനെ തടഞ്ഞു. ഇതിനു പിന്നാലെ സജീവമായ പസഫിക് സമുദ്രത്തിലെ മാവർ ടൈഫൂൺ കാലവർഷക്കാറ്റിനെ ഒരുഭാഗം ആ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്തു. തെക്കൻ ചൈനാ കടലിലാണ് ഇപ്പോൾ മാവർ ചുഴലിക്കാറ്റുള്ളത്.