സൗദിയിൽ കനത്ത മഴയിൽ ഡാം തകർന്നു; വീടുകളും റോഡുകളും ഒലിച്ചുപോയി

സൗദി അറേബ്യയിൽ കനത്ത മഴയെ തുടർന്ന് ഡാം തകർന്നു. റിയാദിലെ സമർമദാ വാലി ഡാം ആണ് തകർന്നത്. അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ നസിഫ സെന്ററിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഡാം തകർന്നതോടെ കെട്ടിടങ്ങളിൽ വെള്ളം കയറുകയും കൃഷിയിടങ്ങളും റോഡുകളും തകരുകയും ചെയ്തുവെന്നും പ്രാദേശിക മാധ്യമമായ അഹ്്ബാർ 24 (News 24) റിപ്പോർട്ട് ചെയ്തു. ഇതിന്റെ വിഡിയോയും അഹ്ബാർ 24 പങ്കുവച്ചു.

ഡാം തകർന്നതിനു പിന്നാലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കൃഷിഭൂമി ഒലിച്ചുപോയി. കഴിഞ്ഞ 10 ദിവസമായി അൽ ജൗഫ് മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. പാറകളും മറ്റും ഡാമിലൊഴുകിയെത്തിയാണ് തകർച്ചക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. അണക്കെട്ട് ഭാഗികമായാണ് തകർന്നതെന്നും പൂർണമായി തകർന്നിട്ടില്ലെന്നും അധികൃതർ പറയുന്നു. ആളപായം സംബന്ധിച്ച റിപ്പോർട്ടുകളില്ല. ഡാം തകരുമ്പോൾ ജലനിരപ്പ് പരമാവധി ഉയരത്തിലായിരുന്നു. ഡാമിന്റെ വടക്കുപടിഞ്ഞാറ് ഭാഗമാണ് തകർന്നത്. അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചതായി നേരത്തെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഡാം തകർന്നതിനെ തുടർന്നുള്ള ദൃശ്യങ്ങൾ കാണാം.

Leave a Comment