കേരളത്തിലെ പുഴകളിൽ പാലപ്പൂവൻ ആമകൾ കൂടുന്നു

കണ്ണൂർ: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അപൂർവമായി കണ്ടുവരുന്നതും വംശനാശഭീഷണി നേരിടുന്നതുമായ പാലപ്പൂവൻ ആമകളുടെ (കാന്റേഴ്സ് ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ) സാന്നിധ്യം കൂടുതൽ പുഴകളിൽ കണ്ടെത്തി. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിയിലാണ് രാജ്യത്ത് ഇത്തരം ആമകൾ കൂടുതലുള്ളതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വളപട്ടണം പുഴയിലും കുറ്റ്യാടിപ്പുഴയിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ സംരക്ഷിക്കുന്നതിന് വനംവകുപ്പ് പ്രത്യേക സംരക്ഷണ നടപടികൾ സ്വീകരിച്ചു.

ശുദ്ധജലത്തിലും അഴിമുഖത്തോട് ചേർന്ന ഉപ്പുവെള്ളത്തിലും വസിക്കുന്ന പാലപ്പൂവൻ ആമകളെക്കുറിച്ച് ഉത്തർപ്രദേശുകാരിയായ ഗവേഷക ആയുഷി ജയിൻ, ജീവശാസ്ത്രജ്ഞൻ നന്ദൻ വിജയകുമാർ എന്നിവർ പഠനം നടത്തിവരികയാണ്.

പയസ്വിനിപ്പുഴയുടെ തീരത്ത് കഴിഞ്ഞവർഷം ഈ ആമകളുടെ 36 മുട്ടകൾ കണ്ടെത്തിയിരുന്നു. അരിയിൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനം വകുപ്പ് സെക്ഷൻ ഓഫീസർ എൻ.വി. സത്യൻ മുൻകൈയെടുത്ത് ഇവയെ സംരക്ഷിക്കുകയും 29 മുട്ടകൾ വിരിയിക്കുകകയും ചെയ്തിരുന്നു.

വനംവകുപ്പിന്റെ സാമൂഹികവനവത്കരണവിഭാഗമാണ് ഈ ആമകളെ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിൽപ്പെട്ട പയസ്വിനിയുടെ തീരങ്ങളിൽ പ്രത്യേകമായി മണൽത്തിട്ടയൊരുക്കി ആമകൾക്ക് മുട്ടയിടാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യുന്നതെന്ന് സാമൂഹികവനസംരക്ഷണവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ധനേഷ് കുമാർ അറിയിച്ചു. കരയോട് ചേർന്ന മണൽത്തിട്ടകളിലാണ് ഡിസംബർ അവസാനത്തോടെ ഇവ മുട്ടയിടുക. 80 മുതൽ 100 വരെ മുട്ടകളുണ്ടാകും.

വിരിയാൻ മൂന്നുമാസമെടുക്കും. ചത്തുപോകുന്ന മീനുകളെയും മറ്റും ഭക്ഷിച്ച് പുഴയുടെ അടിത്തട്ടിൽ ജീവിക്കുന്ന പാലപ്പൂവൻ ആമകൾക്ക് ഒരു ക്വിന്റൽവരെ തൂക്കവും 60 വർഷത്തോളം ആയുസ്സും ഉണ്ടാകും. മണൽവാരലാണ് ഈ ജീവികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment