കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി നൽകും. അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവയ്‍ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷംവയ്ക്കാനോ അനുമതിയില്ല.

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നു. കൃഷിനാശം വ്യാപകമായതോടെ കേന്ദ്രനിയമ പ്രകാരം വൈൽഫ് ലൈഫ് വാ‍ർഡന്‍റെ അധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി നൽകണമെന്ന് കർഷക സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി പന്നിയെ വെടിവയ്ക്കാ
നുള്ള അനുമതി ലഭിക്കുന്നത് വന്യജീവി ആക്രണം നേരിടുന്ന കർഷകർക്കും വനമേഖലയിൽ ജീവിക്കുന്നവർക്കും വലിയ ആശ്വാസമാകും. അതേസമയം അധികാരം ദുരൂപയോഗം ചെയ്യാതിരിക്കാനുള്ള ക‍ർശന നിരീക്ഷണം വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം.

Leave a Comment