മരുഭൂവിനു നടുവില്‍ അല്‍ഖുദ്ര നിങ്ങളെ മാടിവിളിക്കുന്നു

അഷറഫ് ചേരാപുരം
ദുബൈ: മരുഭൂമിയിലെ പൂക്കാലം സ്വപ്‌നമല്ല യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണ് ഗള്‍ഫിലെ പല ഭരണകൂടങ്ങളും. പ്രകൃതിയുടെ തീഷ്ണതകളെ മനക്കരുത്തും ആധുനിക സംവിധാനങ്ങളുമുപയോഗിച്ച് വരുതിയിലാക്കാനുള്ള അറബികളുടെ ശ്രമം അത്ഭുതത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല.മരുപ്പച്ചകള്‍ തേടി അലഞ്ഞിരുന്നവരിപ്പോള്‍ അവ സൃ്ഷ്ടിക്കുകയാണ്. ലോക സഞ്ചാരികള്‍ എത്താനാഗ്രഹിക്കുന്ന പ്രമുഖമായൊരിടമാണ് ദുബൈ. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ പ്രകൃതിവിഭവങ്ങള്‍ വളരെക്കുറഞ്ഞ സ്ഥലമാണിത്.എന്നിട്ടും ഈ നാടുകാണാനണയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുന്നു.

ദുബൈയിലെ സൈ്വഹ് അല്‍ സലാം മരുഭൂമിയുടെ മധ്യത്തില്‍ കുറേ മനുഷ്യനിര്‍മിത തടാകമുണ്ട്. അല്‍ ഖുദ്ര തടാകം.പത്ത് ഹെക്ടറുകളില്‍ പരന്നുകിടക്കുന്ന ഈ തടാകങ്ങള്‍ അറേബ്യന്‍ മരുഭൂകാഴ്ചകളില്‍ അതിശയിപ്പിക്കുന്ന ഇടമാണ്. ദേശാടനപ്പക്ഷികളും മറ്റു പറവകളും ചെടികളുമെല്ലാം ഈ പ്രദേശത്തെ ധന്യമാക്കുന്നു. ദുബൈയിലെ തിരക്കില്‍ നിന്നും രക്ഷനേടി നഗരവാസികളും വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേരുന്നു. പിക്‌നിക്കുകള്‍, നായ നടത്തം, മരുഭൂമിയിലെ പക്ഷി നിരീക്ഷണം, തുടങ്ങി പല ലക്ഷ്യങ്ങളുമായി എത്തുന്നവരുമുണ്ട്. ദുബൈയില്‍ നിന്ന് ഒരു മണിക്കൂറില്‍ താഴെയുള്ള യാത്രകൊണ്ട് ഈ മനോഹാരിതയിലേക്ക് എത്താം. ദുബൈ- അല്‍ ഐന്‍ റോഡ് അല്ലെങ്കില്‍ എമിറേറ്റ്സ് റോഡ് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ അല്‍ ഖുദ്ര റോഡിലെത്താം.

ഗൂഗിള്‍ മാപ്‌സില്‍ അല്‍ ഖുദ്രയുടെ എല്ലാ കാഴ്ചകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം പക്ഷികളെ തണ്ണീര്‍ത്തടങ്ങളില്‍ കാണാം. ദേശാടന പക്ഷികളെയും ഇവിടെ കാണാം. തടാകങ്ങളില്‍ പക്ഷി നിരീക്ഷണത്തിനായി ഗോപുരങ്ങളുണ്ട്.ലവ് തടാകം ഏറെ ശ്രദ്ധേയമാണ്. ലവ് ആകൃതിയിലുള്ള ഇവിടെ നിന്നും ദുബൈയിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം ദര്‍ശിക്കാം.നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ സുഹൃത്തുക്കളുമായോ ഒരു രാത്രി ചെലവഴിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ലവ് തടാകം ഏറെ സന്തോഷകരമായിരിക്കും.

Leave a Comment