ജോഷിമഠ് : ശാസ്ത്രം നേരത്തെ പറഞ്ഞത് ആരും കേട്ടില്ല; ഇപ്പോൾ അനുഭവത്തിൽ

ഡോ: ഗോപകുമാര്‍ ചോലയിൽ

പരിസ്ഥിതി പഠനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മുന്നറിയിപ്പുകൾക്കുമില്ല ക്ഷാമവും. പക്ഷേ, എന്തു വന്നാലും പഠിക്കുകയില്ല എന്ന് നിർബന്ധബുദ്ധി കാണിച്ചാൽ എന്തു ചെയ്യും? വരുന്നത് വരുന്നിടത്തു വച്ച് അനുഭവിക്കുക; അത്ര തന്നെ.. ജോഷിമഠ് ഉൾപ്പെടുന്ന ഭൗമ മേഖല അതീവ പരിസ്ഥിതിലോലമാണെന്നും, വൻ നിർമ്മിതികൾ, തുരങ്കങ്ങൾ എന്നിവ പാടില്ലെന്നും 1976-ൽ മഹേഷ് ചന്ദ്രമിശ്രയുടെ നേതൃത്വത്തിൽ പഠനം നടത്തിയ 18 അംഗ ശാസ്ത്രജ്‌ഞ സംഘം നൽകിയ റിപ്പോർട്ടിൽ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്.

എന്നിട്ടും ഈ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേയ്ക്കുള്ള യാത്രകൾ സുഗമമാക്കുവാൻ ഏകദേശം 900 കിലോമീറ്റർ ദൈർഘ്യമുള്ള ചാർധാം ഹൈവേ നിർമാണം പാരിസ്ഥിതികാഘാത പഠന നിർദ്ദേശങ്ങളെ തൃണവൽഗണിച്ചു കൊണ്ട് തകൃതിയായി മുന്നേറുന്നു; എൻ.ടി.പി.സി യുടെ തപോവൻ ജലവൈദ്യുതി നിലയ നിർമാണം പേരിനു പോലും പരിസ്ഥിതി സൗഹാർദ്ദപരമല്ലെന്ന് സാധാരണക്കാർക്ക് പോലും ആക്ഷേപമുണ്ട്. തീർന്നില്ല.

126 കിലോമീറ്റർ നീളം വരുന്ന ചാർധാം റെയിൽവേ പദ്ധതിയ്ക്കായി തുരങ്കങ്ങൾ അനേകം തുരക്കേണ്ടിവരും. ഭൗമഘടനാപരമായി അതിദുർബലവും, കൂടാതെ, അതീവ പരിസ്ഥിതി വിലോലവുമെന്ന് ശാസ്ത്രം അടിവരയിട്ടാണയിടുന്ന ഒരു പ്രദേശത്തോട് ഇതിലേറെക്കടുപ്പത്തിൽ ചെയ്യാൻ ഇനിയെന്താണ് ബാക്കി? ജോഷിമഠ് ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുകയാണ്. 2022 ഡിസംബർ അവസാനം മുതൽ ഏതാണ്ട് പന്ത്രണ്ടു ദിവസങ്ങൾക്കകം ഈ പ്രദേശം താഴ്ന്നത് 5.4 സെന്റിമീറ്റർ ആണ്. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലും ജോഷിമഠ് 8.9 സെന്റിമീറ്റർ താഴ്ന്നിരുന്നു. കെട്ടിടങ്ങൾ വിണ്ടുകീറുന്നതും, ഭൂമി പിളർന്നു മാറുന്നതും അതിന്റെ ബാഹ്യ ലക്ഷണങ്ങളാണ്. നഗരത്തിലെ എഴുന്നൂറിലേറെ വീടുകൾക്കു പുറമേ ഹോട്ടലുകൾ, ആശുപത്രികൾ, റോഡുകൾ എന്നിവയ്ക്കും വിള്ളൽ വീണു. ജീവന് ഭീഷണിയുള്ളതിനാൽ നിരവധിയാളുകളെ വീടുകൾ ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിച്ചു. ഇവിടം കൊണ്ടും ഈ പ്രതിഭാസത്തിന്റെ ദുരന്ത വ്യാപ്തി അവസാനിക്കുന്നില്ല. ഭൂമി ഇടിഞ്ഞു താഴുന്ന പ്രക്രിയ ഏറെ വർഷങ്ങൾക്കുമുൻപേ ആരംഭിച്ചതാവാം. വീടുകളും മറ്റും നിർമിതികളും വിണ്ടുകീറുന്നത് അതിന്റെ കാഠിന്യം ഏറി വരുന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസത്തിന്റെ വേരുകൾ ചികയാൻ തുടങ്ങിയാൽ ആ മേഖലയിൽ ഇതിനകം നടത്തിയതും ഇപ്പോൾ നടന്നു വരുന്നതുമായ തികച്ചും അശാസ്ത്രീയമായ ബഹുവിധ നിർമ്മാണ പദ്ധതികളുടെ പരിസ്ഥിതി വിരുദ്ധതയിലാകും അതു ചെന്നെത്തി നിൽക്കുന്നത്.

പഠനങ്ങൾ നോ പറഞ്ഞു: കേട്ടില്ല

പാരിസ്ഥിതിക പ്രത്യാഘാത പഠനങ്ങൾ കണ്ണടച്ച് “No” പറഞ്ഞിടത്തും സാമ്പത്തിക സുസ്ഥിരതാ കാര്യപരിപാടികളും, ദേശീയ സുരക്ഷാ വാദങ്ങളും മുന്നോട്ടു വച്ച് നിയമപരമായ പിൻബലത്തോടെ പരിസ്ഥിതി സംരക്ഷകരുടെ വായ് അടപ്പിച്ചാണ് ഇത്തരം പരിസ്ഥിതി വിരുദ്ധ പദ്ധതികൾ സാക്ഷാത്കാരം തേടുന്നത് എന്നതാണ് ഏറ്റവും നിർഭാഗ്യകരം. ഈ മേഖലയിലേയ്ക് തീർത്ഥാടകരേയും വിനോദ സഞ്ചാരികളേയും ആകർഷിക്കുവാൻ പദ്ധതിയിട്ട് പണിയുവാൻ ഉദ്ദേശിക്കുന്ന 126 കി.മി റെയിൽവേയുടെ നൂറിലേറെ കിലോമീറ്ററുകൾ കടന്നുപോകുന്നത് പർവ്വത നിരകൾ തുരന്നു നിർമ്മിക്കുന്ന തുരങ്കങ്ങളിലൂടെയായിരിക്കും!

അതീവ ദുർബല ഭൗമമേഖലയായതിനാൽ വൻകിടനിർമ്മാണ പ്രവർത്തനങ്ങൾ ഒട്ടും അരുതെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പ് നൽകുന്ന ഇത്തരം ഇടങ്ങളിൽ പർവ്വതങ്ങൾ തുരന്ന് ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന റെയിൽവേ പണിയുവാൻ ഏതായാലും പരിസ്ഥിതി വിരുദ്ധത മാത്രമല്ല, ഒട്ടും ചെറുതല്ലാത്ത ചങ്കൂറ്റവും കൂടി വേണം റോഡ്, റെയിൽവേ എന്നിവയുടെ നിർമ്മാണത്തോടനുബന്ധമായി നടത്തുന്ന ശക്തമായ സ്ഫോടനങ്ങൾ പർവതങ്ങളെ ദുർബലമാക്കുകയും ഇളക്കംതട്ടിക്കുകയും ചെയ്യുന്നു. പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോഴോ, പൂർത്തീകരിച്ചതിനു ശേഷമോ ഈ മേഖലകളിൽ ശക്തമായ മഴപ്പെയ്ത്തുണ്ടാവുകയാണെങ്കിൽ ദുരന്ത സമാനമായ മണ്ണിടിച്ചിൽ ഉറപ്പാണ്. പർവതങ്ങൾ തുരന്ന് തുരങ്കങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഇടങ്ങളിലും, പാറമടകൾ പ്രവർത്തിക്കുന്ന ഇടങ്ങളിലുമൊക്കെ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും രൂക്ഷതയാർജ്ജിക്കുവാനുള്ള കാരണമിതാണ്. കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ അതിതീവ്ര മഴകളും, മേഘ വിസ്ഫോടനങ്ങളും അതിസാധാരണമാകുന്ന സാഹചര്യത്തിൽ അസ്ഥിര ഭൗമഘടനയുള്ള പർവത നിരകൾ അത്യന്തം ആപത്കാരികളാവുമെന്ന് പറയേണ്ടതില്ലല്ലോ.
പർവതങ്ങളിലെ പാറക്കെട്ടുകൾക്കുള്ളിൽ കാണുന്ന വിടവുകളിലും അതിബൃഹത്തായ അറകളിലുമാണ് പാറകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളം വൻതോതിൽ സംഭരിക്കപ്പെടുന്നത്. കനത്ത ഭൂഗർഭജലശേഖരമുള്ളവയാണ് ഈ നീരുറവകൾ അഥവാ “ജലഭൃതങ്ങൾ ” ( aquifer ). സ്ഫോടനം വഴി പർവതങ്ങൾ തുരക്കുമ്പോൾ ജലഭൃതങ്ങളുടെ ഘടനയിൽ ഭംഗമുണ്ടാകുകയും, അവയിലെ സംഭരിത ഭൂഗർഭജലം പുറത്തേക്കൊഴുകി നഷ്ടപ്പെടുവാനിടയാക്കുകയും ചെയ്യുന്നു. ഗണ്യമായ തോതിൽ ഭൂഗർഭ ജലശോഷണത്തിനിടയാക്കുന്ന ഈ പ്രവർത്തനം മൂലം തത്പ്രദേശം സ്ഥിരമായോ, നീണ്ട ഒരു കാലയളവിലോ അതിരൂക്ഷമായ ജലക്കമ്മി നേരിടേണ്ടിവന്നേക്കാം. അത്തരം ഒരു സ്ഥിതിവിശേഷം പ്രദേശവാസികളുടെ വെള്ളം കുടി മുട്ടിക്കുമെന്നതിനു പുറമേ, അവിടുത്തെ സവിശേഷ ആവാസ വ്യവസ്ഥകളുടെ ഭംഗത്തിനും ഇടവരുത്തും. മാത്രമല്ല, ഇത്തരം നീരറകളിൽ നിന്നും ഭൂഗർഭജലം ലഭിച്ചു കൊണ്ടിരുന്ന,ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ള നീരുറവകൾ ക്രമേണ ക്ഷയിച്ച് ഇല്ലാതാവുകയും ചെയ്യും. ചുരുക്കത്തിൽ, ഉർവ്വരവും, ജലസമ്പന്നവുമായ ഒരു പ്രദേശം രൂക്ഷമായ ഊഷരതയിലേക്ക് കൂപ്പുകുത്തും. ജോഷിമഠിന് സമീപത്തുള്ള തപോവൻ വിഷ്ണു ഗഡ് ജലവൈദ്യുതപദ്ധതി മൂലം സംഭവിച്ചത് ഇതു തന്നെയാണ്. പദ്ധതിയുടെ ഭാഗമായ തുരങ്ക നിർമാണ ഘട്ടത്തിൽ ജോഷിമഠിന്റെ നീരുറവയായിരുന്ന വലിയൊരു നീരറയിൽ വിള്ളൽ വീഴുവാനിടയായി. ആ നീരുറവയിൽ നിന്ന് പൊട്ടിയൊലിച്ച് നഷ്ടമായത് ജോഷിമഠ് മേഖലയിലെ ഭൂഗർഭജലശേഖരത്തെ പരിപോഷിപ്പിച്ചു കൊണ്ടിരുന്ന അളവറ്റ ജലസമ്പത്താണ്. 2009-ൽ ആണ് ഇതു സംഭവിച്ചത്. ഇതിന്റെ പരിണത ഫലമായി, ജോഷിമഠ് മേഖലയിലെ നീരുറവകൾ ക്രമേണ ക്ഷയിക്കുമെന്നും, ജോഷിമഠ് ഇടിഞ്ഞു താഴുമെന്നും 2010-ൽ , “കറന്റ് സയൻസ് “എന്ന ഒരു ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ടിരുന്നു. അത് എത്ര കിറുകൃത്യമായി സംഭവിച്ചിരിക്കുന്നു!

ജോഷി മഠ്ൽ മാത്രമല്ല, ഹിമാലയ മേഖലയിലെ മറ്റു അനേകം നീരുറവകളുടെയും മരണമണി മുഴങ്ങുമെന്നതാണ് ജല വൈദ്യുത പദ്ധതിയ്ക്കു വേണ്ടി നടത്തിയ തുരങ്ക നിർമ്മാണത്തിന്റെ പ്രത്യാഘാതവ്യാപ്തി. ഇപ്പോൾത്തന്നെ ഉത്തരാഖണ്ഡ് അടക്കമുള്ള പല മേഖലകളിലും നീരുറവകൾ ശോഷണോന്മുഖമായി വരുകയാണ്. ഭൂഗർഭജലശോഷണമാണ് മണ്ണിടിച്ചിൽ എന്ന പ്രക്രിയയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന്. മണൽത്തരികൾക്ക് കൂട്ടിപ്പിടുത്തം ഉണ്ടാകുന്നത് മണ്ണിൽ ഈർപ്പ സാന്നിദ്ധ്യം ഉണ്ടാകുമ്പോഴാണ്. കൂട്ടിപ്പിടുത്തം ഉള്ളപ്പോൾ മണ്ണിന് ദൃഢതയും ഉണ്ടാകും. ഭൂഗർഭ ജലശേഖരം സമ്പന്നമായിരിക്കുമ്പോൾ മണ്ണിൽ ഈർപ്പ സാന്നിധ്യമുണ്ടാകും. ഭൂഗർഭജലം തീരെ ഇല്ലാതാകുമ്പോൾ മൺതരികൾ ഉണങ്ങിവരളുകയും പരസ്പരമുള്ള കൂട്ടിപ്പിടുത്തം നഷ്ടപ്പെട്ട് അയഞ്ഞ അവസ്ഥയിലാവുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ മണ്ണ് ഇടിയാൻ സാദ്ധ്യത വളരെ ക്കൂടുതലാണ്. മാത്രമല്ല, ഭൂഗർഭജലവിതാനം താഴ്ന്ന് മണ്ണിൽ ഈർപ്പം ഇല്ലാതാവുമ്പോൾ മണൽത്തരികൾക്കിടയിലെ വിടവ് ചുരുങ്ങി അവ കൂടുതൽ ഒതുങ്ങുന്നു. ഈ ഘട്ടമാണ് ഉപരിതലം ഇടിഞ്ഞു താഴുവാനും ഭൂമിയിൽ വിള്ളലുകൾ സൃഷ്ടിക്കുവാനും ഇടയാക്കുന്നത്. ( കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത് കെട്ടിടത്തിനു താഴെയുള്ള മണ്ണ് ഇത്തരത്തിൽ ഒതുങ്ങുമ്പോഴാണ്. ഭിത്തികളിൽ വിള്ളൽ കാണുമ്പോൾ” ഭൂമി ഇരുന്നതാണ് ” എന്ന് പഴമക്കാർ പറയാറില്ലേ..) ഭൂമിയിലെ ഇതര പർവ്വതങ്ങളെ അപേക്ഷിച്ച് ഹിമാലയ പർവ്വത നിരകൾ ഇപ്പോഴും വളർച്ചാഘട്ടത്തിൽത്തന്നെയാണ്. നാൽപ്പതു ലക്ഷത്തോളം വർഷങ്ങൾ മാത്രമാണ് ഹിമാലയ നിരകളുടെ പ്രായം. ഇന്ത്യ, യൂറേഷ്യ ഭൂവത്ക ഫലകങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ (collision)ഫലമായി രൂപം കൊണ്ടവയാണീ പർവത നിരകൾ. ഇന്ത്യൻ ഫലകം ഇപ്പോഴും ചലനാവസ്ഥയിലാണ്. നിരന്തരം ക്രിയാത്മകാവസ്ഥയിലുള്ള ഭൗമ സവിശേഷതകളാണ് ഈ മേഖലയിലെ ഭൂമിശാസ്ത്രപരമായ അസ്ഥിരതയ്ക്കു കാരണം. വളർച്ചാഘട്ടങ്ങളിലുള്ള പർവതങ്ങൾക്ക് പൊതുവേ ഒരു അസ്ഥിര പ്രകൃതം ഉണ്ടാകും. ഹിമാലയ മേഖലയിൽ പലപ്പോഴും ഭൂചലനങ്ങളുണ്ടാവുന്നതിന്റെ കാരണവുമിതാണ്.

ആഗോള താപനവും വെല്ലുവിളി

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മാത്രമല്ല ഹിമാലയ മേഖലകളെ അപകടകാരികളാക്കുന്നത്. ആഗോള താപനവും ഹിമാലയമടക്കമുള്ള ഹിമഭൂമികളെ ആപത്കാരികളാക്കുന്നു. താപനം ഏറുന്ന സാഹചര്യത്തിൽ ഹിമാലയത്തിലെ അതിബൃഹത്തായ ഹിമാനികൾ അതിവേഗത്തിൽ ഉരുകിയൊലിച്ചു കൊണ്ടിരിക്കുകയാണ്. ധ്രുവമേഖലകൾ കഴിഞ്ഞാൽ ഏറ്റവുമധികം ശുദ്ധജലം ഉറഞ്ഞ് ഹിമരൂപത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഹിമാലയം. മുൻ സൂചിപ്പിച്ചതു പോലെ, അനാരോഗ്യകരമായ മനുഷ്യ പ്രേരിതഇടപെടലുകൾ വഴിയുള്ള ഭൂഗർഭ ജലശോഷണം ഹിമാലയ മേഖലയിൽ ഭൂമിയ്ക്കടിയിലെ ദജലസമ്പത്തിനെയും, ആഗോളതാപനം ഭൂതലത്തിനുമുകളിലെ ജല സമ്പത്തിനെയും ക്ഷയിപ്പിക്കുകയാണ്. ആഗോള താപനവും ഒരർത്ഥത്തിൽ മനുഷ്യരുടെ പ്രവർത്തന ശൈലികളുടെ ഉപോത്പന്നം തന്നെയാണല്ലോ. ഹിമാലയത്തിന്റെ ചങ്കുതുരന്നെടുക്കുന്ന വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയും, നിയമം വഴി കർശനമായി നിരോധിക്കുകയും ചെയ്യുക എന്നതാണ് നിലവിൽ ജോഷിമഠ് മേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ രണ്ടു പ്രശ്നങ്ങൾക്കും സ്വീകാര്യമായ പൊതുപരിഹാരം. നിർമ്മാണ പ്രവർത്തനങ്ങളും വികസനപദ്ധതികളും വിഭാവനം ചെയ്യുമ്പോൾ അവ ഒരു തരത്തിലും പദ്ധതി പ്രദേശങ്ങളിലെ തനതു പരിസ്ഥിതിയെ അലങ്കോലപ്പെടുത്തുകയോ അസ്വസ്ഥമാക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിത്തീർന്നിരിക്കുന്നു. ഇല്ലെങ്കിൽ, ഭൂമിയിലെ ഓരോ മനുഷ്യരും ഓരോരോ പ്രകൃതി ക്ഷോഭങ്ങളുടെ മേൽവിലാസത്തിൽ അഭയാർത്ഥിത്വം പേറുന്നവർ മാത്രമാകുന്ന കാലം വിദൂരമല്ല.

(കാലാവസ്ഥ ശാസ്ത്രജ്ഞനും കോളമിസ്റ്റുമാണ് ലേഖകൻ)

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment