ഓരോ മഴക്കാലത്തിന് മുമ്പും സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും നിന്ന് മണല്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേരളാ സര്‍ക്കാറിന് നോട്ടീസയച്ചു. സാബു സ്റ്റീഫന്‍ എന്ന വ്യക്തി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ജെ.ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. കേസ് ജൂലൈ 11ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.
മണല്‍ നീക്കം ചെയ്യുന്നതിന് ശാസ്ത്രീയ ഉപദേശം തേടണം. ഇത്തരത്തില്‍ കോരിക്കളയുന്ന മണല്‍ സൂക്ഷിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ സൗകര്യമൊരുക്കണം. ഈ മണല്‍ ജനങ്ങള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കുറഞ്ഞവിലക്ക് നല്‍കണമെന്നും ഹരജി ആവശ്യപ്പെട്ടു. നേരത്തെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഹരജിക്കാരനു വേണ്ടി അഭിഭാഷകന്‍ വി.കെ ബിജു ഹാജരായി.